JHL

JHL

പ്രകൃതിദത്ത യൂനാനി ചികിത്സ വിജയപ്രദം: മൊഗ്രാൽ യുനാനി ഡിസ്പെൻസറിയിൽ രോഗികളേറുന്നു,കുമ്പള ഗ്രാമപഞ്ചായത്ത് 32 ലക്ഷം രൂപയുടെ മരുന്നെത്തിച്ചു.


മൊഗ്രാൽ.പ്രകൃതിദത്ത യുനാനി ചികിത്സ ഫലപ്രദമെന്ന് കണ്ടതോടെ മൊഗ്രാലിലെ ഏക സർക്കാർ യുനാനി ഡിസ്പെൻസറിയിൽ  കൂടുതൽ രോഗികൾ എത്താൻ തുടങ്ങിയതോടെ ഈ വർഷം തുടക്കത്തിൽ നേരിയ മരുന്ന് ക്ഷാമം നേരിടുകയും,ഇതിന് ഡിസ്പെൻസറിയുടെ ഭരണ ചുമതല വഹിക്കുന്ന കുമ്പള ഗ്രാമപഞ്ചായത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് 2 ലക്ഷം രൂപ കൂട്ടി നൽകി 2025-26 സാമ്പത്തിക വർഷത്തിൽ 32 ലക്ഷം രൂപയുടെ മരുന്ന് അടിയന്തിരമായി എത്തിച്ചു നൽകിയത് രോഗികൾക്ക് ആശ്വാസമായി.

 മരുന്ന് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയ വിവരം യുനാനി മെഡിക്കൽ ഓഫീസർ ഡോ:ഷക്കീർ അലി കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും, സെക്രട്ടറിയെയും നേരിട്ട് അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ ആദ്യത്തെ അജണ്ട വെച്ച് വിഷയം ചർച്ച ചെയ്യുകയും,മരുന്ന് എത്തിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തത്. കഴിഞ്ഞവർഷം 30 ലക്ഷം രൂപയുടെ മരുന്നാണ് നൽകിയിരുന്നത്.കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ്, വാർഡ് മെമ്പറും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ നാസർ മൊഗ്രാൽ എന്നിവർ പ്രത്യേകത താല്പര്യമെടുത്താണ് രണ്ട് ലക്ഷം രൂപ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ കൂട്ടി നൽകി 32 ലക്ഷം രൂപയുടെ മരുന്ന് എത്തിച്ചു നൽകിയത്.ഇതിന് പുറമെ പ്രതിവർഷം സംസ്ഥാന സർക്കാറിന്റെയും, ഭാരതീയ ചികിത്സാ വകുപ്പിൽ നിന്നും മരുന്നിനായി സഹായം ലഭിക്കാറുണ്ട്.

 ഭാരതീയ ചികിത്സകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം 2020-21 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി ഉയർത്തിയതോടെ ജില്ലയിലെയും, സംസ്ഥാന അതിർത്തി പ്രദേശങ്ങളിൽ നിന്നുപോലും രോഗികൾ ചികിത്സ തേടി  എത്തിത്തുടങ്ങി.ഇന്ന് അതിഥി തൊഴിലാളികളും, ഡിസ്പെൻസറിയുടെ അടുത്തുള്ള മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും ദിവസേന ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ഈ ആരോഗ്യ കേന്ദ്രത്തെയാണ്. പുതുതായി ആരംഭിച്ച ഹെൽത്ത്&വെൽനസ് സെന്ററിൽ റെജിമെന്റ് തെറാപ്പിയും, ഫിസിയോതെറാപ്പിയും ഉൾപ്പെടെയുള്ള സേവനങ്ങളും നൽകിവരുന്നുണ്ട്. ഇവിടെയും രോഗികളുടെ തിരക്കനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

 രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ആശുപത്രി സേവനം.മെഡിക്കൽ ഓഫീസറടക്കം രണ്ട് ഡോക്ടർമാർ ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകരുടെ സേവനവുമുണ്ട്.ലാബ് ടെക്നീഷ്യന്റെ കീഴിൽ ലാബ് സൗകര്യവുമുണ്ട്. രോഗശമനത്തോടൊപ്പം ആരോഗ്യ സംരക്ഷണവും മുൻനിർത്തി പ്രവർത്തിക്കുന്ന യുനാനി ഡിസ്പെൻസറി ഒട്ടനേകം കുടുംബങ്ങൾക്ക് പ്രത്യാശയും, ആത്മവിശ്വാസവും നൽകുന്നുണ്ട്.അത് രോഗികളുടെ വാക്കുകളിൽ നിന്ന് പ്രകടവുമാണ്.

 കേരളത്തിൽ ആദ്യത്തെ ഏക സർക്കാർ യുനാനി ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ കൂടി ലഭ്യമാക്കി യുനാനി ആശുപത്രിയായി ഉയർത്തണമെന്ന് നാട്ടുകാരും,സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ട് വരുന്നുണ്ട്. ആശുപത്രി വികസന സമിതി ഇത് സംബന്ധിച്ചു ബന്ധപ്പെട്ടവർക്ക് നിവേദനവും നൽകിയിട്ടുണ്ട്.



No comments