വന്യജീവികളുടെ വിഹാര കേന്ദ്രമായി മാറുന്ന കാടുകൾ വെട്ടി മാറ്റണമെന്ന വനം വകുപ്പിന്റെ നിർദ്ദേശത്തിന് പിന്തുണയേറുന്നു, നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകുമോ..?
കാസർഗോഡ്: സർക്കാറിന്റെതാ യാലും,സ്വകാര്യ വ്യക്തികളുടെയാ ണെങ്കിലും കാട് മൂടി കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കണമെന്ന വനം വകുപ്പിന്റെ പുതിയ നിർദ്ദേശം നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.വനംവകുപ്പിന്റെ ഈ നിർദ്ദേശത്തോട് പൊതുജനങ്ങൾ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. തീരുമാനം സ്വാഗതം ചെയ്തും,പിന്തുണ അറിയിച്ചുമാണ് ജനം സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നത്. എന്നാൽ തദ്ദേശസ്വയംഭരണ വകുപ്പ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.
ജില്ലയിൽ ഇത്തരത്തിൽ കാട് മൂടി കിടക്കുന്ന സ്ഥലങ്ങൾ ഏറെയുണ്ട്. മലയോരമേഖലകളിൽ പ്രത്യേകിച്ചും.ഇത്തരം സ്ഥലങ്ങളിലാണ് വന്യജീവികളുടെ വിഹാര കേന്ദ്രം.ഒപ്പം ഇഴജന്തുക്കളുടെയും. പന്നികളുടെ ഒളി സങ്കേതമാണ് കാടുകൾ. പുലികളുടെ സാന്നിധ്യവും ചില മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. വന്യജീവി ആക്രമങ്ങൾ ഏറിവരുന്ന സാഹചര്യത്തിലാണ് വനം വകുപ്പ് ഇത്തരത്തിലൊരു പുതിയ നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.ഇതിന് ജനങ്ങളിൽ നിന്ന് സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.
സ്വകാര്യ വ്യക്തികൾ സ്ഥലം വാങ്ങി lവെക്കുമ്പോൾ അത് വൃത്തിയായി ശുചീകരിച്ചു വെക്കാറില്ല. വൻകിട ഭൂമി മാഫിയകളാണ് ഏറെയും സ്ഥലങ്ങൾ വാങ്ങി വെക്കാറുള്ളത്.ഇത്തരം സ്ഥലങ്ങളിൽ കാടു മൂടുന്നത് കൊണ്ട് സമീപത്തെ വീട്ടുകാർക്കും, താമസക്കാർക്കുമാണ് ഏറെ ദുരിതമാകുന്നത്. ഇതുവഴി കാൽനടയായി വരുന്ന വിദ്യാർഥികൾ അടക്കമുള്ളവർ വളരെ ഭീതിയോടെയാണ് നടന്നു പോകുന്നതും.
വന്യ മൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പുലിയടക്കമുള്ള മൃഗങ്ങൾ കാടുകളിലാണ് ഒളിച്ചിരിക്കുന്നതെന്ന് വനം വകുപ്പ് പറയുന്നുണ്ട്. കാസർഗോഡ് ജില്ലയിലെ ബേടകത്ത് പുലി കണ്ടെത്തിയത് ഇത്തരത്തിൽ കാടുകയറിയ സ്ഥലത്തായിരുന്നു വെന്നും പറയുന്നു. ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വൃത്തിയാക്കണമെന്നാണ് വനം വകുപ്പ് പറയുന്നത്.
ജില്ലയിലെ കുമ്പളയിൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കുമ്പള റെയിൽവേ സ്റ്റേഷനിലെ ഏക്കർ കണക്കിന് സ്ഥലം ഇത്തരത്തിൽ കാടുപിടിച്ചു കിടപ്പുണ്ട്.ഇത് സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഭീഷണിയാകുന്നുവെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.ഇവിടെ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നുണ്ട്. നാട്ടുകാർ റെയിൽവേ സ്റ്റേഷൻ വികസനത്തിന് മുറവിളി കൂട്ടുന്നതും ഇതുകൊണ്ട് തന്നെയാണ്.
Post a Comment