സർവീസ് റോഡുകളിലെ നടപ്പാതയുടെയും, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും ജോലികളിൽ മെല്ലെ പോക്ക്:ദേശീയപാത ഉദ്ഘാടനം ചെയ്യുന്നതിൽ നാട്ടുകാരിൽ പ്രതിഷേധം.
കാസർഗോഡ്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനി അധികൃതർക്ക് ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടിവന്ന സർവീസ് റോഡിലെയും, അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളുടെയും പ്രവൃത്തികളിൽ ഇനിയും 30 ശതമാനത്തോളം ജോലികൾ ബാക്കിനിൽക്കെ ദേശീയപാതയിലെ 3 റീച്ചുകൾ തുറന്നുകൊടുക്കാൻ നീക്കം തുടങ്ങി.
39 കിലോമീറ്റർ ദൂരമുള്ള തലപ്പാടി-ചെങ്കള റീച്ചിൽ ഈ മാസം അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കുമെ ന്നാണ് പറയുന്നത്. അതിനായുള്ള അവസാനഘട്ട പ്രവൃത്തികളിലാണ് ഊരാളുങ്കൽ നിർമ്മാണ കമ്പനി അധികൃതർ. സുരക്ഷാ സ്ഥിതിഗതി പരിശോധിക്കാൻ രൂപവൽക്കരിച്ച വിദഗ്ധസമിതി ഇതിനകം റീച്ചുകൾ സന്ദർശിച്ചു സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. പൂർത്തിയായ മറ്റു രണ്ടു റീച്ചുകൾ കോഴിക്കോട് ജില്ലയിലാണ്.
തലപ്പാടി-ചെങ്കള റീച്ച് പ്രവൃത്തി 2021 നവംബർ മാസത്തിലാണ് തുടങ്ങിയത്.2024ൽ തുറന്നു കൊടുക്കേണ്ടതായിരുന്നു ദേശീയപാത.പണി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ സർക്കാർ ഊരാളുങ്കലിന് ഒരു വർഷം കൂടി സമയം അനുവദിച്ചു നൽകുകയായിരുന്നു.ഇപ്പോൾ 90 ശതമാനം ജോലികളും പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ആരിക്കാട്,ഉപ്പള ഭാഗങ്ങളിൽ മിനുക്കു പണികളും, പെയിന്റിങ് ജോലികളാണ് ബാക്കിയുള്ളത്.
27 മീറ്റർ വീതിയിൽ ദക്ഷിണേന്ത്യയിലെ "ബോക്സ് ഗർഡൻ'' മാതൃകയിൽ നിർമ്മിച്ച ആദ്യത്തെ ഒറ്റത്തൂൺ മേൽപ്പാലം തലപ്പാടി- ചെങ്കള റീച്ചിലാണെന്ന പ്രത്യേകതയുമുണ്ട്. ഒന്നേകാൽ കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഒറ്റത്തൂൺ മേൽപ്പാലം കാസർഗോഡ് നഗരത്തിലൂടെയാണ് കടന്നുപോകുന്നത്.
അതേസമയം സർവ്വീസ് റോഡുകളിലെ പ്രവൃത്തി പകുതി വഴിയിലാക്കി ദേശീയപാത തുറന്നു കൊടുക്കുന്നതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്. സർവീസ് റോഡുകളിൽ അവസാനഘട്ട അറ്റകുറ്റപ്പണികൾ നടന്നു വരുന്നുണ്ട്.പലയിടത്തും നടപ്പാത ഇല്ലാത്തത് വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഇതുവരെ സ്ഥാപി ക്കാത്ത സ്ഥലങ്ങൾ ഏറെയുണ്ട്. ചിലയിടങ്ങളിൽ ഓവു ചാലുകളുടെ പ്രവൃത്തിയിലും അനിശ്ചിതത്വമുണ്ട്. ബസ് യാത്രക്കായും മറ്റും ജനങ്ങൾ ഏറെ ആശ്രയിക്കുന്ന സർവീസ് റോഡിന്റെ ജോലികളാണ് ആദ്യം പൂർത്തീകരിക്കേണ്ടിയിരുന്നതെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment