JHL

JHL

വർധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യം: തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ടിന് മർച്ചന്റ് യൂത്ത് വിംഗ് നിവേദനം നൽകി

കുമ്പള.കുമ്പള നഗരത്തിലും, പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമായി.
ആയിരകണക്കിന് കുട്ടികൾ പഠിക്കുന്ന കുമ്പള,മൊഗ്രാൽ സ്കൂൾ മൈതാനം തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്.ഇത് മൂലം
തെരുവ് നായ്ക്കളുടെ  ഭീഷണി നേരിടുന്നത്  കൂടുതലും കുട്ടികളാണ്.
സർക്കാർ ഓഫീസുകൾ, സ്കൂൾ,മദ്റസകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെത്തുന്നവരും തെരുവ് നായ്ക്കളെ പേടിച്ചാണ് സഞ്ചരിക്കേണ്ടിവരുന്നത്.

മേഞ്ഞുനടക്കുന്ന കന്നുകാലികൾക്ക് നേരെ നായ്ക്കൾ കുരച്ചുചാടുന്നതും, ആക്രമിക്കുന്നതും പതിവ് കാഴ്ചയാണ്. 
ജില്ലയിൽ സർക്കാർ സ്ഥാപനങ്ങളിലടക്കം തെരുവ്നായ ശല്യം രൂക്ഷമാകുന്നതായായും നാട്ടുകാർക്ക് പരാതിയുണ്ട്.ചില സർക്കാർ ഓഫീസുകൾ നായ വളർത്തൽ കേന്ദ്രവുമായിട്ടുണ്ട്.

ദിവസം കൂടുംതോറും പെറ്റു പെരുകി കുമ്പള പഞ്ചായത്ത് പരിധിയിലെ  ഓരോ കവലകളിലും പത്തിലേറെ നായ്ക്കുട്ടങ്ങളാണ് തെരുവുകൾ കീഴടക്കുന്നത്.  
ഇരുചക്രവാഹന യാത്രക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് പതിവാണ്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ട് പരുക്കേൽക്കുന്ന സംഭവങ്ങൾ നിരവധിയാണ്. തെരുവുനായ ആക്രമണം തുടരുമ്പോഴും
എ.ബി.സി കേന്ദ്രങ്ങൾ ജില്ലയിൽ എവിടെയും ഇതുവരെ ആരംഭിക്കാത്തത് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങളും, മൃഗസംരക്ഷണ വകുപ്പും ചേർന്ന് നായ്ക്കൾക്ക് അഭയകേന്ദ്രം എത്രയും വേഗം  ഒരുക്കണമെന്നും, മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കടക്കം ഭീഷണിയായിട്ടുള്ള മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മർച്ചന്റ് യൂത്ത് വിംഗ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.



No comments