കുമ്പള പഞ്ചായത്ത് പ്രസിഡൻ്റിനെതിരേ ബി.ജെ.പി അവിശ്വാസം; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകം:ഭരണ സമിതി
കുമ്പള.തെരഞ്ഞെടുപ്പ് കേവലം മാസങ്ങൾ മാത്രം ശേഷിക്കെ പ്രസിഡൻ്റിനെതിരേ അവിശ്വാസ പ്രമേയവുമായി ബി.ജെ.പി അംഗങ്ങൾ രംഗത്തു വന്നത് രാഷ്ടീയ ഗൂഢാലോചനയും പാപ്പരത്തമാണെന്ന്
ഭരണ സമിതി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു മാസം മുമ്പ് വകുപ്പ് തല നടപടിക്ക് വിധേയനായി കുമ്പള പഞ്ചായത്തിൽ ചുമതലയേറ്റ സെക്രട്ടറിയും ബി.ജെ.പി നേതാക്കളും ചേർന്നുണ്ടാക്കിയ ഗൂഡാലോചനയാണിത്.
പഞ്ചായത്തിലെ ജനപ്രധിനിധികളും ഉദ്യോഗസ്ഥരും അഴിമതിക്കാരും ധൂർത്തടിക്കാരുമെന്ന് വരുത്തി പദ്ധതി പ്രവർത്തനങ്ങളെ അവതാളത്തിലാക്കിയതിനു പിന്നിൽ സെക്രട്ടറിക്ക് വ്യക്തമായ പങ്കുണ്ട്.
നഗര സ്വഭാവമുള്ള പഞ്ചായത്തിൽ വർഷത്തിൽ നാന്നൂറോളം പദ്ധതികൾക്കാണ് രൂപം നൽകുന്നത്. ഇതിൽ മുന്നൂറും പൊതുമരാമത്ത് പദ്ധതികളാണ്. ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരില്ല. ജീവനക്കാരുടെ അമിത ജോലി ഭാരം വാർഷിക പദ്ധതിയിലെ പകുതി പോലും നിർവഹണം നടത്താൻ കഴിയാത്ത സാഹചര്യമാണ്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയാണ് ബസ് ഷെൽട്ടർ നിർമാണത്തിൽ ഭരണസമിതി തീരുമാനമെടുത്തത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെ പ്രവൃത്തി ഏൽപ്പിച്ചത്. കമ്പള- ബദിയടുക്ക റോഡ് കെ.എസ്.ടി.പി റോഡായതിനാൽ അവരുടെ അനുമതി വാങ്ങുകയും കരാറുണ്ടാക്കി കെ.എസ്.ടി.പിയിൽ പഞ്ചായത്ത് സെക്രട്ടറി എഗ്രിമെൻ്റ് വെക്കുകയും ചെയ്തിട്ടുണ്ട്. ഒരു കോടി രൂപയ്ക്ക് താഴെയുള്ള പൊതുമരാമത്ത് പ്രവൃത്തി ഹാബിറ്റാറ്റിന് നേരിട്ട് നൽകാമെന്ന് സർക്കാർ ഉത്തരവുണ്ട്.
മുൻ സെക്രട്ടറി എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിർവഹണ ചുമതല ഹാബിറ്റാറ്റിനെ ഏൽപിച്ചത്. സമാന രീതിയിൽ നിരവധി തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങൾ ഹാബിറ്റാറ്റിനെ പ്രവൃത്തികൾ ഏൽപ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ പുതിയ കെട്ടിട നിർമാണം ഹാബിറ്റാറ്റ് മുഖേനയാണ് നടപ്പിലാക്കിയത്. പ്രവൃത്തിയിൽ അപാകതയോ അഴിമതിയോ ഉണ്ടെങ്കിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി പ്രസിഡൻ്റ് തന്നെ പരാതി നൽകിയിട്ടുണ്ട്. അഴിമതിയുണ്ടെങ്കിൽ പഞ്ചായത്ത് സെക്രട്ടറി എന്ത് കൊണ്ട് പരാതി നൽകാത്തതെന്ന് വ്യക്തമാക്കണം. ബസ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പണിയുന്നതിന് ടെണ്ടർ ക്ഷണിച്ചപ്പോഴും പ്രവൃത്തി ലഭിച്ചത് ഹാബിറ്റാറ്റിനാണ്. ഇതും നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ്. ഹാബിറ്റാറ്റിനെ ഏൽപ്പിക്കുന്നതിന് മുമ്പ് യു.എൽ.സി.സിയെ പഞ്ചായത്ത് സമീപിച്ചിരുന്നു. ഇത്തരം പ്രവൃത്തികൾ എടുക്കാൻ സാധിക്കില്ലെന്ന് യു.എൽ.സി.സി അറിയിച്ചതോടെയാണ് മറ്റുള്ള ഏജൻസികളെ ടെണ്ടറിലൂടെ കണ്ടെത്തിയത്. എത്രയും വേഗം ഗുണമേന്മയോടെ പ്രവൃത്തി പൂർത്തീകരിച്ച് ഭരണ സമിതിയുടെ കാലവധിയ്ക്ക് മുമ്പ് നാടിന് സമർപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഈ ഭരണ സമിതിയുടെ പ്രധാന ലക്ഷ്യത്തിലൊന്നായിരുന്നു ബസ് സ്റ്റാൻ്റും ഷോപ്പിങ് കോംപ്ലക്സും . ദേശീയപാത, കെ.എസ്.ടി.പി റോഡിൻ്റെയും പ്രവൃത്തി നടക്കുന്നതിനാൽ ഇതിൻ്റെ വ്യക്തമായ ചിത്രം പഞ്ചായത്തിന് രണ്ട് വിഭാഗവും നൽകാത്തതിനാലും അടിക്കടി ഡിസൈനുകളിലും അലൈൻമെന്റുകളിലും മാറ്റങ്ങൾ വരുത്തുകയും ചെയ്തതോടെയാണ്
ബസ് ഷെൽട്ടറുകളുടെയും ഷോപ്പിങ് കോംപ്ലക്സിൻ്റെയും പ്രവൃത്തികൾ വൈകാൻ ഇടയായത്.
ഇക്കാര്യങ്ങൾ പല ഭരണ സമിതി യോഗങ്ങളിലും വിശദമായി ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനെതിരായി ഏതെങ്കിലും അംഗങ്ങൾ സംസാരിക്കുകയോ വിയോജന കുറിപ്പ് നൽകുകയോ ചെയ്തിട്ടില്ല .നിരവധി പഞ്ചായത്തുകളിൽ പ്രശ്നങ്ങളുണ്ടാക്കിയും അനധികൃത അവധിയെടുക്കുകയും ചെയ്യുന്ന വ്യക്തിയാണ് കുമ്പള പഞ്ചായത്ത് സെക്രട്ടറി. കോഴിക്കോട് അത്തോളി പഞ്ചായത്തിൽ നിന്നും നടപടിക്ക് വിധേയമായാണ് കുമ്പളയിലേക്ക് സ്ഥലം മാറ്റപ്പെട്ടത്. കഴിഞ്ഞ കാലങ്ങളിൽ ഇദ്രഹം ജോലി ചെയ്ത പഞ്ചായത്തുകളിൽ പദ്ധതികൾ നടപ്പാക്കാതിരിക്കലും അനധികൃതമായി അവധിയെടുക്കലുമാണ് ഇയാളുടെ പ്രധാന ഹോബി. സെക്രട്ടറി യഥാസമയം അംഗങ്ങൾക്ക് നോട്ടീസ് നൽകാത്തതിനാൽ നാലോളം യോഗങ്ങളാണ്മാറ്റിവെക്കേണ്ടി വന്നത്. ചുമതലയേറ്റതിന് ശേഷം സെക്രട്ടറി നിർവഹണം നടത്തേണ്ട ഒരു പദ്ധതി പോലും നടപ്പിലാക്കിയിട്ടില്ല. ജീവനക്കാർ തന്നെ സെക്രട്ടറിക്കെതിരേ പ്രസിഡൻ്റിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. വലിയ തോതിലുള്ള ഭരണ സ്തംഭനമാണ് ഉണ്ടായിട്ടുള്ളത്. പ്രസിഡൻ്റ് അഴിമതിക്ക് കൂട്ട് നിൽക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണ് സെക്രട്ടറി പറയുന്നത്. ഇതിന് തെളിവ് നൽകാൻ അദ്ദേഹം തയ്യാറാകണം. അനധികൃതമായി എന്ത് കാര്യം ചെയ്യാനാണ് പ്രസിഡൻ്റ് പ്രേരിപ്പിച്ചതെന്ന് സെക്രട്ടറി വ്യക്തമാക്കണം. സെക്രട്ടറിയും ബി.ജെ.പി അംഗങ്ങളും ഗൂഢാലോചന നടത്തിയുള്ള അവിശ്വാസ പ്രമേയത്തെ നേരിടുമെന്നും സത്യാവസ്ഥ ഭരണ സമിതി മുമ്പാകെയും പൊതുജനങ്ങളോടും ബോധിപ്പിക്കാനുള അവസരമായി ഇതിനെ കാണുമെന്നും ഭരണ സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ്, വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എ റഹ്മാൻ ആരിക്കാടി, നസീമ ഖാലിദ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment