JHL

JHL

നാട്ടുകാർ സമ്മർദ്ദത്തിൽ:അടച്ചിട്ട കൊടിയമ്മ-കഞ്ചിക്കട്ട പാലം പൂർണ്ണ തകർച്ചയിലേക്ക്, പുനർനിർമ്മാണത്തിനായി എംഎൽഎമാരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചെന്ന് മന്ത്രിയെ കണ്ടു നിവേദനം നൽകി

കുമ്പള.കാലപ്പഴക്കം മൂലം സുരക്ഷിതമല്ലെന്ന് പറഞ്ഞു കഴിഞ്ഞ ഒന്നരവർഷത്തോളമായി അടച്ചിട്ട കുമ്പള കൊടിയമ്മ-കഞ്ചിക്കട്ട വിബിസി കം ബ്രിഡ്ജ് പുനർനിർമ്മാണം ഈ വർഷത്തെ തന്നെ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാ വശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ എംഎൽഎമാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള നിവേദക സംഘം  ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരെ കണ്ട് ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.

സുരക്ഷിതമല്ലെന്ന് പറഞ്ഞു ജില്ലാ കലക്ടർ നേരിട്ട് ഇടപെട്ട് കഞ്ചിക്കട്ട-കൊടിയമ്മ പാലം അടച്ചിട്ടതിനാൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി ഈ പ്രദേശത്തെ വിദ്യാർത്ഥികൾ അടക്കമുള്ള ജനങ്ങൾ നേരിടുന്ന യാത്രാദുരിതം നിവേദക സംഘം മന്ത്രിമാരെ ബോധിപ്പിച്ചു. മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫിന് പുറമെ തൃക്കരിപ്പൂർ എംഎൽഎ രാജഗോപാൽ,ഉദുമ എംഎൽഎ അഡ്വ:സി എച്ച് കുഞ്ഞമ്പു,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ-യൂസഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, പഞ്ചായത്തംഗം യൂസഫ് ഉളുവാർ,ആക്ഷൻ കമ്മിറ്റി അംഗങ്ങളായ മഞ്ജുനാഥ ആൾവ,ബി എ സുബൈർ,യോഗിഷ കെ,അഷ്റഫ് കൊടിയമ്മ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

 നേരത്തെ തന്നെ ഈ വിഷയത്തിൽ മഞ്ചേശ്വരം എംഎൽഎ നിയമസഭയിൽ സബ് മിഷൻ ഉന്നയിക്കുകയും, മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുകയും ചെയ്തിരുന്നു.ചെറുകിട ജലസേചന വകുപ്പിൽ നിന്ന് പുനർനിർമാണത്തിനാവശ്യമായ ഡിപിആർ സർക്കാറിലേക്ക് സമർപ്പിക്കുകയും ചെയ്തതാണ്.27 കോടി അടങ്കൽ ചിലവുള്ള ഈ പാലം പുനർനിർമാണം വേഗത്തിലാക്കണമെന്നാണ് ഇപ്പോൾ നാട്ടുകാർ ആവശ്യപ്പെടുന്നത്.

 പാലം നിർമ്മാണം വൈകുന്നത് മൂലം കൊടിയമ്മയിലെ പൊതുപ്രവർത്തകൻ അബ്ദുസ്സലാം എപി വിവരാവകാശ നിയമപ്രകാരം ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്ന് വിവരം ആരാഞ്ഞിരുന്നു. ഇതിലും പുതിയ വിസിബി കം ബ്രിഡ്ജ് നിർമ്മാണത്തിനായി 27 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നബാർഡിലേക്ക് സമർപ്പിക്കുന്നതിനായി ഇരിഗേഷൻ ചീഫ് എൻജിനീയർക്ക് നൽകിയതായി അറിയിച്ചിരുന്നു. സർക്കാറിന്റെ താലൂക്ക് തല അദാലത്തിൽ നൽകിയ പരാതിയിലും മറുപടിയിൽ ഇതേ കാര്യം സൂചിപ്പിച്ചിരുന്നു.

 ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിഷയം ഉയർത്തിക്കൊണ്ടു വരുവാൻ നാട്ടുകാർ നീക്കം നടത്തുന്നതിനിടയിലാണ് ഇപ്പോൾ എംഎൽഎമാരുടെ നേതൃത്വത്തിൽ മന്ത്രിമാരെ കണ്ട് നിവേദനം നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.


No comments