JHL

JHL

ചെർക്കള– കല്ലടുക്ക സംസ്ഥാന പാത: ഗതാഗത തടസ്സം ഉടൻ പരിഹരിക്കാനാവില്ല


ബദിയടുക്ക (www.truenewsmalayalam.com 29 july 2019): ചെർക്കള– കല്ലടുക്ക സംസ്ഥാന പാതയിലെ ഗതാഗത തടസ്സം ഉടൻ പരിഹരിക്കാനാവില്ല. കെടഞ്ചിയില്‍ 30 അടി ഉയരമുള്ള കുന്നിൽ നിന്നു മണ്ണിടിച്ചിൽ തുടരുകയാണ്. കുന്നില്‍ വിള്ളലുണ്ടായ ഭാഗം തെന്നി നീങ്ങിയ നിലയിലാണ്. മണ്ണ് റോഡിലേക്ക് പതിച്ചതോടെ ജലവിതരണത്തിന്റെ പൈപ്പ് ഒരു മീറ്റര്‍ താഴ്ചയില്‍ നിന്നു ഒരു മീറ്റര്‍ മുകളിലേക്ക് കയറിയിട്ടുണ്ട്. മണ്ണും വെള്ളവും ശക്തമായി റോഡിന്റെ പാര്‍ശ്വവശത്തേക്ക് ഇടിച്ചിറിങ്ങിയതിനാല്‍ റോഡ് വീണ്ടു കീറുകയും മറുവശത്തേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്.

1921ല്‍ നിര്‍മിച്ച റോഡിന്റെ പാര്‍ശ്വഭിത്തിയും നീങ്ങിയിട്ടുണ്ട്. ചെര്‍ക്കളം മുതല്‍ ഉക്കിനടുക്ക വരെയുള്ള ഭാഗത്തെ റോഡില്‍ കരിമ്പിലയിലെ 50 മീറ്ററിനകത്ത് മാത്രമാണ് മണ്ണിടിച്ചിലുള്ളത്. ഇത് ഉടന്‍ പരിഹരിക്കാനാവാത്ത സ്ഥിതിയാണ്. ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാൻ ഭൂഗര്‍ഭ വകുപ്പിന്റെ അനുമതി വേണം. മണ്ണ് മാറ്റിയാലും അവ തള്ളാൻ സ്ഥലം കണ്ടെത്തണം. 

മരത്തടികള്‍ മാറ്റാന്‍ വനം വകുപ്പിന്റെയും ജലവിതരണ പൈപ്പ് മാറ്റുന്നതിനു ജലവകുപ്പിന്റെയും അനുമതി വേണം. മാസങ്ങള്‍ കഴിഞ്ഞാലേ ഇവ പൂർത്തീയാകൂ. ഇതിനിടയില്‍ വാഹനങ്ങളെ കടത്തിവിട്ടാല്‍ വന്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണ് മാന്തി ഉപയോഗിച്ച് വീതി കൂട്ടാന്‍ കുത്തനെ മണ്ണെടുത്തതാണ് അകത്ത് നിന്ന് ഉറവ പൊട്ടി മണ്ണിന് ‍വിള്ളലുണ്ടാവാന്‍ കാരണമെന്നാണ് ആക്ഷേപം.

No comments