JHL

JHL

അജിത്തിന്റെ ധീരസ്‌മൃതികളിൽ സ്‌നേഹവീടിന്‌ തറക്കല്ലിട്ടു


കുമ്പള (www.truenewsmalayalam.com 29 july 2019): പുഴയിൽ മുങ്ങിയ ബാലസംഘം പ്രവർത്തകരെ രക്ഷിക്കുന്നതിനിടെ  മുങ്ങി മരിച്ച ഡിവൈഎഫ്‌ഐ നേതാവ്‌ അജിത്ത്‌കുമാറിന്റെ കുടുംബത്തിന്‌ നിർമിക്കുന്ന സ്‌നേഹവീടിന്റെ തറക്കല്ലിടൽ സംസ്ഥാന സെക്രട്ടറി എ എ റഹീം നിർവഹിച്ചു. കുമ്പള കുണ്ടങ്കറടുക്കയിൽ വിലയ്‌ക്ക്‌ വാങ്ങിയ അഞ്ച്‌ സെന്റ്‌ സ്ഥലത്താണ്‌ വീട്‌ നിർമിക്കുന്നത്‌.  ഡിവൈഎഫ്‌ഐ  നേതൃത്വത്തിലുള്ള അജിത്ത്‌കുമാർ കുടുംബ സഹായ സമിതി മുഖേനയാണ്‌ ഫണ്ട്‌ ശേഖരിച്ചത്‌. കുമ്പളയിലെ   ബാലസംഘം പ്രവർത്തകരെയും കൂട്ടി  അജിത്ത്‌കുമാർ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കർണാടക ബണ്ട്വാളിൽ പോയപ്പോഴാണ്‌ അപകടമുണ്ടായത്‌. പുഴയിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങിത്താണു. നീന്തലറിയില്ലെങ്കിലും  അജിത്ത്‌കുമാർ കുട്ടികളെ രക്ഷിക്കാൻ പുഴയിൽ ചാടി. മറ്റുള്ളവർ രക്ഷപ്പെട്ടെങ്കിലും അജിത്ത്‌കുമാറും ബാലസംഘം പ്രവർത്തകനായ മനീഷും മുങ്ങിമരിച്ചു. 
ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക്‌ ട്രഷററും ബാലസംഘം കുമ്പള വില്ലേജ്‌ കൺവീനറുമായിരുന്നു . നിരവധി നിർധന കുടുംബങ്ങൾക്ക്‌ വീട്‌ നിർമിച്ച്‌ നൽകാൻ നേതൃത്വം നൽകിയ അജിത്ത്‌കുമാറിന്റെ കുടുംബം വാടക വീട്ടിലായിരുന്നു താമസം. ഭാര്യ മനിതക്കും രണ്ട്‌ മക്കൾക്കുമായാണ്‌ ഡിവൈഎഫ്‌ഐ വീടൊരുക്കുന്നത്‌.  
ചടങ്ങിൽ ജില്ലാ സെക്രട്ടറി സി ജെ സജിത്ത്‌ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു,ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത്‌, കെ സബീഷ്‌, പി രഘുദേവൻ, സാദിഖ്‌ ചെറുഗോളി, രേവതി കുമ്പള, സാദിഖ്‌ ചെറുഗോളി എന്നിവർ സംസാരിച്ചു. സി എ സുബൈർ സ്വാഗതം പറഞ്ഞു. 

No comments