JHL

JHL

കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സമരത്തിനിറങ്ങുന്നു


കാസര്‍കോട്: (www.truenewsmalayalam.com 31.07.2019) കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സമരത്തിനിറങ്ങുന്നു. സുപ്രീം കോടതി വിധിയേയും സര്‍ക്കാര്‍ തീരുമാനങ്ങളെയും ലംഘിക്കുന്ന ജില്ലാ ഭരണാധികാരിയെ പ്രൊസിക്യൂട്ട് ചെയ്യണമെന്നുമാവശ്യപ്പെട്ടു കൊണ്ട് സെപ്തംബര്‍ 25 മുതല്‍ കലക്ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് എന്‍സോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഭാരവാഹികള്‍ അറിയിച്ചു.

ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതമനുഭവിക്കുന്നവരില്ലെന്നും എന്‍ഡോസള്‍ഫാന്‍ പ്രശ്‌നകാരിയല്ലായെന്നും പറയുന്ന കലക്ടര്‍ക്ക് ആ സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മികാവകാശമില്ല. സര്‍ക്കാര്‍ തീരുമാനങ്ങളെയും സുപ്രീം കോടതി വിധിയെയും അസ്ഥാനത്താക്കി കൊണ്ടുള്ള കളക്ടറുടെ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിശബ്ദമാകുന്ന സാഹചര്യത്തിലാണ് വീണ്ടും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകേണ്ടി വരുന്നതെന്ന് യോഗം വിലയിരുത്തി.

സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയമപരമായ ബാധ്യതയുള്ള ജില്ലാ മജിസ്‌ട്രേറ്റുകൂടിയായ കലക്ടര്‍ പ്രതികൂലമായ സമീപനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ സമരങ്ങള്‍ ഏറ്റെടുക്കാതെ നിവൃത്തിയില്ലായെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രക്ഷോഭത്തിന്റെ മുന്നോടിയായി സമര വിളംബരം ഓഗസ്റ്റ് ഒമ്പതിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടക്കും. രണ്ടു പതിറ്റാണ്ടിലധികം കാലം ഭരണകൂടം നടത്തിയ വിഷമഴയില്‍ അറ്റുപോയ ജീവിതങ്ങളെ കഥാപാത്രങ്ങളായി പരിഹസിച്ച കലക്ടര്‍ അവരോട് മാപ്പ് പറയാന്‍ ധാര്‍മ്മികത കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കലക്ടരുടെ നടപടികളെ ചോദ്യം ചെയ്യാന്‍ സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌ക്കാരിക- യുവജന സംഘടനകള്‍ മുന്നോട്ട് വരണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട്, പ്രേമചന്ദ്രന്‍ ചോമ്പാല, കൃഷ്ണന്‍ നായര്‍ ഇ കെ, സീമ മുരളി, സിബി കള്ളാര്‍, സുനിത പനത്തടി, റംല എം കെ, ചന്ദ്രന്‍ പായം, സുഹറ പാണത്തൂര്‍ എന്നിവര്‍ സംസാരിച്ചു. കെ കൊട്ടന്‍ സ്വാഗതവും സി വി നളിനി നന്ദിയും പറഞ്ഞു.

No comments