JHL

JHL

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്പാല്‍ റെഡ്ഡി അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 77 വയസ്സായിരുന്നു.
അഞ്ച് തവണ ലോക്സഭയിലേക്കും രണ്ട് തവണ രാജ്യ സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെലങ്കാന നാല്‍ഗുണ്ട ജില്ലയില്‍ ജനിച്ച ജയ്പാല്‍ റെഡ്ഡി കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. കല്‍വാര്‍കുര്‍ത്തി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് 1977 ല്‍ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നു.1980ല്‍ ഇന്ദിരാഗാന്ധിക്കെതിരെ മേദാക് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടു.
ജനതാപാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം ഐ.കെ ഗുജ്റാള്‍ മന്ത്രിസഭയില്‍ വാര്‍ത്താ വിനിമയ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. 1999ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ജയ്പാല്‍ റെഡ്ഡി മിറാല്‍ഗുണ്ട മണ്ഡലത്തില്‍ നിന്നും ലോക്സഭയില്‍ എത്തി. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വാര്‍ത്താവിനിമയം, നഗരകാര്യ വികസനം വകുപ്പുകള്‍ കൈകാര്യം ചെയ്തു. ചേവല മണ്ഡലത്തില്‍ നിന്നും വീണ്ടും ലോക്സഭയിലെത്തിയ അദ്ദേഹം രണ്ടാം യു.പി.എ സര്‍ക്കാരില്‍ നഗരകാര്യ വികസനം, പെട്രോളിയം വകുപ്പുകള്‍ കൈകാര്യം ചെയ്തു.

No comments