JHL

JHL

ചൂടിനെ പ്രതിരോധിക്കാൻ മിനയിലെ നടപ്പാതകൾ; പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിറം മാറ്റി


മക്ക  (www.truenewsmalayalam.com 27 july 2019) :ഹജ് തീർഥാടകരെ കടുത്ത ചൂടിൽ നിന്നു പ്രതിരോധിക്കാൻ മിനായിലെ നടപ്പാതകൾക്ക് നിറം മാറിയ പ്രത്യേക കോട്ടിങ്. ചൂട് തടയുന്നതിനുള്ള ഈ  ജപ്പാനീസ് സാങ്കേതിക വിദ്യ പ്രയോഗിച്ചത് ആദ്യ ഘട്ടത്തിൽ മിനയിലെ ജംറകളിലേക്കുള്ള നടപ്പാതകളിലാണ്. 3500 ചതുരശ്ര മീറ്റർ പാത ഇങ്ങനെ ക്രമീകരിച്ചത് ജപ്പാൻ കമ്പനിയായ സുമിറ്റോമോയുമായി സഹകരിച്ചാണെന്ന് ഹജ് സീസൺ ആൻഡ് സൈറ്റ് ഡയറക്ടർ ജനറൽ അഹ്മദ് മൻഷി പറഞ്ഞു. ഇത് ജമാറാത്തിലെ അൽ ശുഐബൻ ഏരിയയിലെ  മുഴുവൻ നടപ്പാതകളിലും വ്യാപിപ്പിക്കും. 

ഓരോ പത്ത് സെക്കന്റിലും സെൻസറുകൾ ഉപയോഗിച്ച് ചൂട് രേഖപ്പെടുത്താനുള്ള സംവിധാനമുണ്ടെന്നും 15 മുതൽ 20 ഡിഗ്രി ചൂട് കുറക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അനുഭവം രേഖപ്പെടുത്താൻ ഈ വർഷത്തെ തീർത്ഥാടകർക്കിടയിൽ പ്രത്യേക സർവേ ഫോമും  വിതരണം ചെയ്യുമെന്ന് വ്യക്തമാക്കി. ഇത് പദ്ധതിയുടെ വിജയം അളക്കാൻ ഉപകരിക്കും. ഇരു പള്ളികളുടെ ഹജ് ഉംറ ഗവേഷണ വിഭാഗവുമായി ചേർന്ന് മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ കുറിച്ച് പഠിക്കും. ആദ്യ ഘട്ടത്തിൽ അറഫയിലെ ജബൽ റഹ്മ മുതൽ മുസ്ദലിഫയിലൂടെ മിനയിലേക്ക് കടന്നു പോകുന്ന നടപ്പാതയാണ് (താരീഖ് മുശാത്ത്) ലക്ഷ്യം. 
ഇവിടെ പ്രത്യേക പന്തൽ ഒരുക്കി നേരത്തെ സൗകര്യങ്ങൾ ചെയ്തതിരുന്നു. പുണ്യ പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന തീർത്ഥാടകരുടെ സുരക്ഷയും സുഖവുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി നടപ്പാതകൾ ഇന്റർ ലോക്ക് ടൈൽസ് വിരിച്ച് സജ്ജീകരിക്കുകയും ഇരു ഭാഗങ്ങളിലും വിശ്രമ ബെഞ്ചുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നടപ്പാതകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിന് കോൺഗ്രീറ്റ് ഭീമുകളും സ്ഥാപിച്ചിട്ടുണ്ട്. 

No comments