JHL

JHL

മഞ്ഞപ്പിത്ത വ്യാപനം തടയാന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്


കാസര്‍കോട് (www.truenewsmalayalam.com 27 july2019) :കാസര്‍കോട്  നഗരസഭയിലെ ബെദിര, ചാല, കടവത്ത്, ചാലക്കുന്ന് എന്നീ മേഖലകളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗബാധ തടയുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ പി ദിനേശ് കുമാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫിന്റെ നേതൃത്വത്തില്‍ പത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. ജനപ്രതിനിധികള്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍, ആശ പ്രവര്‍ത്തകള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, എം എസ് ഡബ്ല്യു വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
രോഗബാധിത പ്രദേശത്തുള്ള മുഴുവന്‍ വീടുകളിലും പത്ത് ഗ്രൂപ്പുകളായാണ് സംഘം പ്രവര്‍ത്തിച്ചു വരുന്നത്. കുടിവെള്ള സ്രോതസ്സുകളുടെ പരിശോധന, ക്ലോറിനേഷന്‍, മെഡിക്കല്‍ ക്യാമ്പ്, സ്‌കൂള്‍-അങ്കണ്‍വാടി  പരിശോധന, മൈക്ക് അനൗണ്‍സ്‌മെന്റ്, ബോധവല്‍ക്കരണ ക്ലാസുകള്‍, മേഖലകളിലെ ഹോട്ടല്‍, ബേക്കറി, വഴിയോര കച്ചവട സ്ഥാപനങ്ങളിലെ പരിശോധന എന്നിങ്ങനെ സമഗ്രമായ പരിപാടികളാണ് രോഗപ്രതിരോധത്തിനായി നടത്തി വരുന്നത്. ഈ പ്രദേശങ്ങളിലെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുന്നത് പൂര്‍ത്തിയായി വരുകയാണ്. കൂടാതെ വീടുകളില്‍ ക്ലോറിന്‍ ടാബ്ലറ്റുകളും നല്‍കുന്നുണ്ട്. 20 ലിറ്റര്‍ വെള്ളത്തില്‍ ഒരു ടാബ്ലറ്റ് വീതമാണ് പ്രയോഗിക്കേണ്ടത്. ഇതിനകം 155 വീടുകളില്‍ ആരോഗ്യസംഘം സന്ദര്‍ശനം നടത്തി.
കഴിഞ്ഞ ദിവസം ചാല മദ്രസയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 324 പേര്‍ പങ്കെടുത്തു. 47 പേരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ചാല സ്‌കൂളില്‍ ആരോഗ്യസംഘം സന്ദര്‍ശനം നടത്തി. ഡോ. ബിമല്‍രാജ്, ഡോ. റസീന എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. . ഇതില്‍ 300ഓളം പേര്‍പങ്കെടുക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ബി ഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷറഫ് കര്‍മപദ്ധതി വിശദീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ ഹമീദ് ബെദിര, മുംതാസ്, സെമീറ റസാഖ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാബു, കെ എസ് രാജേഷ്, കൃഷ്ണകുമാര്‍, അബ്ദുല്‍ റഹ്മാന്‍, അഭിലാഷ്, രവീന്ദ്രന്‍, ഷൗക്കത്തലി, ആര്‍ വി നിധിന്‍, രാഹുല്‍ രാജ്, ജോഗേഷ്, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജലജന്യരോഗങ്ങള്‍ക്കെതിരേ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍


ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവ തടയുന്നതിനായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. കിണര്‍ വെള്ളവും കുഴല്‍ കിണര്‍ വെള്ളവും ശുദ്ധികരിച്ചു മാത്രം കുടിക്കുക. വെള്ളം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുകയും  പഴങ്ങളും പച്ചക്കറികളും  കഴുകുന്നതിനായി ശുദ്ധികരിച്ച  വെള്ളം ഉപയോഗിക്കുകയും ചെയ്യുക. മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം ഉപയോഗിക്കരുത്. ഭക്ഷണം പാചകം ചെയ്യും മുമ്പും കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസര്‍ജനത്തിനു  ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ഭക്ഷ്യവിഷബാധ തടയുന്നതിനായി ഗുണമേന്മ  ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കണം.
ജന്തുജന്യ രോഗങ്ങളായ എലിപ്പനി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിസുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയുക. മലിനജലത്തില്‍ നിരന്തരമായി സമ്പര്‍ക്കത്തില്‍ ഏര്‍പെടേണ്ടി വരുന്നവര്‍ പ്രതിരോധഗുളിക നിര്‍ബന്ധമായും കഴിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

No comments