JHL

JHL

വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു; കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ വീണു


ബംഗളൂറു  (www.truenewsmalayalam.com 23 jul 2019): കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ താഴെ വീണു. പതിനാലു മാസമാണ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം എല്‍ എമാര്‍ വോട്ടുചെയ്തു. 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു. പതിനാറ് കോണ്‍ഗ്രസ്- ജെ ഡി എസ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. ഡിവിഷന്‍ ഓഫ് വോട്ട് രീതി പ്രകാരമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്.

224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ്-78, ജെ ഡി എസ്-37, ബി എസ് പി-1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബി ജെ പിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു.

രാജിക്ക് തയ്യാറെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു. വിശ്വാസ പ്രമേയത്തിന് മറുപടി പറയവെയാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞിരുന്നത്. വിമതര്‍ക്ക് വേണ്ടി താന്‍ മാപ്പ് പറയുന്നു. നിലവിലെ സംഭവങ്ങളില്‍ മനംമടുത്തുവെന്നും കുമാരസ്വാമി പറഞ്ഞു. രാജിവെക്കേണ്ടി വന്നാല്‍ സന്തോഷത്തോടെ മടങ്ങും. തോറ്റാലും കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം തുടരുമെന്ന് കുമാരസ്വാമി പറഞ്ഞു.

No comments