JHL

JHL

കര്‍ണാടകയില്‍ പതിനാല് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി


ബംഗളൂറു (www.truenewsmalayalam.com 28 july 2019)  കര്‍ണാടകയില്‍ പതിനാല് വിമതരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി. 11 കോണ്‍ഗ്രസ് അംഗങ്ങളെയും മൂന്ന് ജെ.ഡി.എസ് അംഗങ്ങളെയുമാണ് ഇന്ന് അയോഗ്യരാക്കിയത്. അതേസമയം നേരത്തേ സ്പീക്കര്‍ അയോഗ്യരാക്കിയ മൂന്ന് പേര്‍, സുപ്രീം കോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്ന റോഷന്‍ ബെയ്ഗ്, ആനന്ദ് സിങ്, എസ്.ടി. സോമ ശേഖര്‍, എച്ച്. വിശ്വനാഥ് എന്നിവരെയുള്‍പ്പെടെയാണ് അയോഗ്യരാക്കിയത്.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, പി.സി.സി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് ഇവരും സുപ്രീം കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. വിമതരെ സഭയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കുന്നുണ്ട്. സഭയില്‍ പങ്കെടുക്കാത്തതല്ല അയോഗ്യതക്ക് കാരണമെന്ന് സ്പീക്കര്‍ പറയുന്നുണ്ടെങ്കിലും സുപ്രീം കോടതിയില്‍ ഇത് ബോധ്യപ്പെടുത്തേണ്ടി വരും.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പരാതി ലഭിച്ചതെന്നും ഇതാണ് നടപടിക്ക് പിന്നിലെന്നും സ്പീക്കര്‍ അറിയിച്ചു. നാളെയാണ് മുഖ്യമന്ത്രി യെദ്യൂരപ്പ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത്. ഇതിന് മുമ്പായി വിമതരുടെ കാര്യത്തില്‍ തീരുമാനമായത് ബി.ജെ.പിയ്ക്ക് അനുകൂലമാണ്. 17 പേരെ അയോഗ്യരാക്കിയതോടെ സഭയിലെ അംഗസംഖ്യ 208 ആയി മാറി. കേവല ഭൂരിപക്ഷം 105. നിലവില്‍ 106 പേരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്.

No comments