പാലം തകർന്നു. കൊടിയമ്മ ഹൈസ്ക്കൂൾ കുട്ടികൾക്ക് കഞ്ഞികുടി മുട്ടി

സർക്കാർ കണക്കിൽ ഒറ്റ സ്കൂളായി പ്രവർത്തിക്കുന്നതിനാൽ രണ്ടിടത്തേക്കുമായി ഒരു പാചകത്തൊഴിലാളി മാത്രമാണ് ഉള്ളത്. 1 മുതൽ 7 വരെ ക്ലാസുകളുള്ള യുപി സ്കൂളിൽ പാചകം ചെയ്ത് ഹൈസ്കൂളിലേക്കുള്ള ഭക്ഷണം ഓട്ടോറിക്ഷയിൽ കൊണ്ടുവരികയാണ് ചെയ്തിരുന്നത്. എന്നാൽ ഹൈസ്കൂളിലേക്കുള്ള കൊടിയമ്മ പാലം തകർന്നതോടെ ഇത് മുടങ്ങി. ഇനി ചെക്പോസ്റ്റ്-പൂക്കട്ട വഴി 4 കിലോമീറ്ററിലേറെ ചുറ്റി വേണം സ്കൂളിലേക്കെത്താൻ. ഇത്ര ദൂരം സഞ്ചരിച്ച് സമയത്ത് ഭക്ഷണം എത്തിക്കാൻ കഴിയില്ല. വാടക ഇനത്തിൽ വലിയ ചെലവും ആകും. ഹൈസ്കൂളിൽ എട്ടാം ക്ലാസിലെ 80 കുട്ടികൾക്കാണ് സൗജന്യമായി ഉച്ചക്കഞ്ഞി നൽകുന്നത്.
നടന്നു പോയി കഴിക്കലും എളുപ്പമല്ല. ഇതോടെ ഇക്കാര്യത്തിൽ തീരുമാനമാകും വരെ സ്വന്തമായി ഭക്ഷണം കൊണ്ടുവരാനാണ് സ്കൂൾ അധികൃതർ കുട്ടികളോട് നിർദേശിച്ചിരിക്കുന്നത്. തകർന്ന പാലത്തിനു പകരം നാട്ടുകാർ കമുകിൻ തടികൾ വച്ചുകെട്ടി നിർമിച്ച താൽക്കാലിക പാലത്തിലൂടെയാണ് കുട്ടികൾ ഇപ്പോൾ സ്കൂളിലേക്ക് പോകുന്നത്. കുട്ടികളുടെ ദുരിതം മനസ്സിലാക്കി പാചക തൊഴിലാളിയെ നിയമിക്കാൻ ഉടൻ അനുമതി നൽകണമെന്നാണ് പിടിഎയും രക്ഷിതാക്കളും ഒരുപോലെ ആവശ്യപ്പെടുന്നത്.
യുപി മാത്രം ഉണ്ടായിരുന്ന സ്കൂൾ 2011 ലാണ് ഹൈസ്കൂളാക്കി ഉയർത്തിയത്. യുപി സ്കൂളിനു സമീപം സ്ഥലം ലഭിക്കാത്തതിനാലാണ് ഹൈസ്കൂൾ കുറച്ചകലേക്ക് മാറ്റേണ്ടി വന്നത്. ഹൈസ്കൂളിലേക്ക് മാത്രമായി പാചക തൊഴിലാളിയെ നിയമിക്കാൻ എല്ലാ പിടിഎ പൊതുയോഗങ്ങളും കലക്ടറോട് ആവശ്യപ്പെടാറുണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി പാലം തകർന്ന് ഗതാഗതം മുടങ്ങിയത്.
Post a Comment