JHL

JHL

രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണിന് ശുപാര്‍ശ ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രാലയം; സ്ഥിതി അതീവ ഗുരുതരമെന്ന് വിലയിരുത്തല്‍


 

ന്യൂദല്‍ഹി: (www.truenewsmalyalam.com 28.04.2021)

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ 150ഓളം ജില്ലകളുടെ പട്ടിക നിലവില്‍ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഈ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. അവശ്യസര്‍വീസുകളില്‍ ഇളവ് നല്‍കിക്കൊണ്ടായിരിക്കും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക.

ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ലോക്ക്ഡൗണ്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തത്. സംസ്ഥാനങ്ങളോട് കൂടി വിശദമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പാക്കുന്നതില്‍ മറ്റു വകുപ്പുകള്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായി കൂടി വിഷയം ചര്‍ച്ച ചെയ്യുന്നത്.

അതേസമയം, നിലവില്‍ കൊവിഡ് വ്യാപനം കുറയ്ക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അതിനായി 15 ശതമാനത്തിന് മുകളില്‍ പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ അടച്ചിടല്‍ നടപടികളിലേക്ക് കടക്കണമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

‘വര്‍ധിച്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ഞങ്ങള്‍ നിര്‍ദേശിക്കുന്നത്. വൈറസിന്റെ ചെയിന്‍ ബ്രേക്ക് ചെയ്യുന്നതിനായി അടുത്ത കുറച്ച് ആഴ്ചകളില്‍ ഇവിടം അടച്ചിടുന്നതാണ് ഉചിതം,’ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയില്‍ ദിനം പ്രതി മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ 30,000ത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.



No comments