JHL

JHL

24 മണിക്കൂറിൽ കൊവിഡ് ബാധിച്ചത് മൂന്നുലക്ഷത്തോളം പേർക്ക്, 2023 പേർ മരിച്ചു,


 ദില്ലി: (www.truenewsmalayaolam.com 21.04.2021)

രാജ്യത്ത് കൊവിഡ് സാഹചര്യം അതിതീവ്ര അവസ്ഥയിലേക്ക്. രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുത്തെത്തി. 24 മണിക്കൂറിനിടെ 2,95,041 പേർക്ക് രോഗബാധയുണ്ടായി. മരണം രണ്ടായിരം കടന്നു. 2023 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകളിൽ വ്യക്തമാകുന്നത്.  21,57,538 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ലോകത്ത് ഇതുവരെയുള്ളതിൽ രണ്ടാമത്തെ വലിയ പ്രതിദിന വർദ്ധനയാണ് ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ ഉണ്ടായത്. 

കൊവിഡ് രണ്ടാം തരംഗത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. കൊവിഡ് നിയന്ത്രണത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് പ്രിയങ്ക ആരോപിച്ചു. വാക്സീൻ ,ഓക്സിജൻ പ്രതിസന്ധി ഉണ്ടായത് സർക്കാരിന്റെ പിടിപ്പുകേടാണ്. ലോകത്തിലെ പ്രധാനപ്പെട്ട ഓക്സിജൻ നിർമ്മാതാക്കളായിട്ടും ഇന്ത്യയിൽ എങ്ങനെ ക്ഷാമം ഉണ്ടായെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. രണ്ടാം തരംഗത്തിൻ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും കേന്ദ്രം അവഗണിക്കുകയായിരുന്നുവെന്നും പ്രിയങ്ക ആരോപിച്ചു. 

അതിനിടെ കൊവിഡ് വാക്സീൻ മരുന്ന് കടകളിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രം ആവർത്തിച്ചു. ഇക്കാര്യത്തിൽ വിശദമായ മാർഗ്ഗനിർദ്ദേശം ഉടൻ പുറത്തിറക്കും. സർക്കാർ സംവിധാനത്തിനു പുറത്ത് ഡോസിന് 750 മുതൽ 1000 രൂപ വരെ വില ഈടാക്കേണ്ടി വരുമെന്ന് കമ്പനികളുടെ നിലപാട്. 

ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയിടങ്ങളിൽ  ഓക്സിജൻ ക്ഷാമവും രൂക്ഷമാണ്. സംസ്ഥാനങ്ങൾ കേന്ദ്രത്തോടാവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്സീൻ ക്ഷാമവും രൂക്ഷമാണ്. 

ദില്ലിയിലെ ഓക്സിജൻ ക്ഷാമം  പരിഹരിക്കുന്നതിനായി ദില്ലി മുഖ്യമന്ത്രിയും ലെഫ് ഗവർണറും അടിയന്തര യോഗം വിളിച്ചു ചേർത്തു. ഇന്ന് 11 മണിക്കാണ് യോഗം. കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ഉയരുന്നത് യോഗത്തിൽ ചർച്ച ചെയ്യും. 

ദില്ലിയിലെ ആശുപത്രികളിൽ 12 മണിക്കൂറിനുള്ളിൽ രൂക്ഷമായ ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്ന്  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. 

അതേ സമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷ്വറൻസ് പദ്ധതി കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു. മാർച്ച് 24ന് പദ്ധതി അവസാനിപ്പിച്ച് ഉത്തരവിറക്കിയ കേന്ദ്രസർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇൻഷ്വറൻസ് തുടരാനുള്ള തീരുമാനം.

ഒരു വർഷത്തേക്ക് കൂടി പദ്ധതി നീട്ടിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർധൻ അറിയിച്ചു. ഒപ്പം പദ്ധതി നീട്ടിയതായുള്ള ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസാണ് ആരോഗ്യ പ്രവർത്തകർക്ക് വാക്സീൻ നൽകിയത് ചൂണ്ടിക്കാട്ടിയും, ചെലവ് ചുരുക്കൽ നീക്കത്തിൻ്റെ ഭാഗമായും അവസാനിപ്പിച്ചത്.


No comments