JHL

JHL

ബി ജെ പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് ഒരു കൂട്ടം പ്രവർത്തകർ താഴിട്ടു. സി പി എം കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് നടപടി.




കുമ്പള (www.truenewsmalayalam.com 28.04.2021): 

ബി ജെ പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസിന് ഒരു കൂട്ടം പ്രവർത്തകർ താഴിട്ടു. കുമ്പള ടൗണിൽ ഗോപാലകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള ഓഫീസാണ് ബി ജെ പിയുടെയും യുവമോർച്ചയുടെയും പോഷക സംഘടനകളുടെയും ഒരു കൂട്ടം പ്രവർത്തകർ ചേർന്ന് താഴിട്ടത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം പാർട്ടി പ്രാദേശിക നേതൃത്വം സി പി എമ്മുമായി കൈകോർത്ത് സ്റ്റാന്റിങ് കമ്മിറ്റി പദവികൾ പങ്കിട്ടെടുത്തതിൽ പ്രതിഷേധിച്ചാണ് ഈ നടപടി.

ബിജെപി പ്രവർത്തകനായിരുന്ന ബി ടി വിജയന്റെ ബലിദിനമായ ചൊവ്വാഴ്ച സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം സംഘടിച്ചെത്തിയ പ്രവർത്തകർ അടഞ്ഞു കിടക്കുകയായിരുന്ന പാർട്ടിയുടെ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പൂട്ട് തകർത്ത് അകത്ത് കടന്ന് ബലിദാന പരിപാടി നടത്തിയ ശേഷം വേറൊരു പൂട്ടിട്ട് ഓഫീസ് പൂട്ടുകയായിരുന്നു. യുവ മോർച്ച നേതാവ് സന്ദീപ് ,ബി എം എസ നേതാവ് ദിനേശൻ , ശിവ നായിക്കാപ്പ് , സുരേന്ദ്ര നായിക്കാപ്പ് , പ്രിയേഷ് നയിക്കാപ്പ്, മനോജ് കടപ്പുറം , പച്ചു നായിക്കാപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.



യുവ മോർച്ച പ്രവർത്തകനായ ബി ടി വിജയനെ കുത്തിക്കൊന്ന കേസിൽ പ്രതിയായിരുന്നയാളെ ബി ജെ പി പിന്തുണയോടെ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ആക്കി എന്നാണ് ഇവർ ആരോപിക്കുന്നത്. സ്റ്റാൻഡിങ്ങ് കമ്മിറ്റി  ചെയർപേഴ്സൺമാരായ പ്രേമ ലത ,  പ്രേമാവതി, ചെയർമാൻ കൊഗ്ഗു എന്നിവരാണ് നിലവിൽ സ്റ്റാന്റിങ്ങ്‌ കമ്മിറ്റി കൈകാര്യം ചെയ്യുന്നത്.

 സംഭവം പ്രാദേശിക പാർട്ടി തലത്തിലും പഞ്ചായത്ത് ഭരണതലത്തിലും വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.  

സി പി എം കൂട്ടുകെട്ടിനെതിരെ കുമ്പളയിൽ സി പി എമ്മിന്റെ കൊലക്കത്തിക്കിരയായ മൂന്ന് ബിജെപി യുവമോർച്ച പ്രവർത്തകരുടെ കുടുംബാംഗങ്ങർ ബി ജെ പി സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകിയിരുന്നുവത്രെ. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ പാർട്ടി ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പാർട്ടി ഇടപ്പെട്ട് ഈ ബന്ധം അവസാനിപ്പിക്കുമെന്നും സംസ്ഥാന കമ്മറ്റി ഈ കുടുംബങ്ങൾക്ക്  ഉറപ്പു നൽകിയിരുന്നുവത്രെ. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞിട്ടും ഈ ഉറപ്പിൻമേൽ നടപടികളില്ലാത്തതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത് എന്നാണറിയുന്നത്.



     

No comments