JHL

JHL

ക്രിപ്‌റ്റോകറൻസി; രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ കാസർകോട്-മഞ്ചേശ്വരം-ഉപ്പള സ്വദേശികളടക്കം ഏഴുപ്രതികൾ ഉള്ളാളിൽ അറസ്റ്റിൽ, വാഹനങ്ങളും മൊബൈൽ ഫോണുകളും സ്വർണ്ണമാലയും കണ്ടെടുത്തു

 


ഉള്ളാൾ : (www.truenewsmalayalam.com 29.04.2021)

ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിടുകയും ഇരുവരുടെയും കുടുംബങ്ങളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ ഏഴുപ്രതികളെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ് അഷ്റഫ്, സുഹൃത്ത് ജാവേദ് എന്നിവരെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ അത്താവറിലെ അഹമ്മദ് ഇക്ബാൽ (33), നൗഷാദ് (28), മഞ്ചേശ്വരം സ്വദേശികളായ യാക്കൂബ് (33), ഉമർ നൗഫൽ(24), കാസർകോട്ടെ ഷംസീർ (29), ഉപ്പള സ്വദേശികളായ സയ്യിദ് മുഹമ്മദ് കൗസർ (41), ഷെയ്ഖ് മുഹമ്മദ് റിയാസ് (28) എന്നിവരെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തത്. 

അഹമ്മദ് അഷ്‌റഫിനെ ഏപ്രിൽ 22ന് മംഗളൂരു കെസി റോഡിൽ നിന്നും സുഹൃത്ത് ജാവേദിനെ ഹൊസങ്കടിയിൽ നിന്നും സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഇരുവരെയും ഒരു വീട്ടിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും ചെയ്തു. പ്രതികൾ അഹമ്മദ് അഷ്‌റഫിന്റെയും ജാവേദിന്റെയും കുടുംബങ്ങളെ ഫോണിൽ വിളിച്ച് പണവും രേഖകളും നൽകണമെന്നും ഇല്ലെങ്കിൽ രണ്ടുപേരെയും വധിക്കുമെന്നും ഭീഷണിമുഴക്കിയിരുന്നു. ഇതുസംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചതോടെ അഷ്‌റഫിനെയും ജാവേദിനെയും പ്രതികൾ തലപ്പാടിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്. കൂടുതൽ ലാഭം വാഗ്ദാനം ചെയ്യുന്ന ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് ഉദ്ദേശിച്ച തുക ലഭിക്കാതിരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. 

മൂന്ന് കാറുകൾ, ഒരു ബൈക്ക്, 10 മൊബൈൽ ഫോണുകൾ, വിലപിടിപ്പുള്ള രേഖകൾ, 120 ഗ്രാമിന്റെ സ്വർണ്ണമാല തുടങ്ങിയവ പ്രതികളിൽ നിന്നും പൊലീസ് പിടികൂടി. കേസിലെ ഒന്നാംപ്രതിയായ അഹമ്മദ് ഇക്ബാലുമായാണ് അഷ്റഫും ജാവേദും ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയിരുന്നത്. കൂടുതൽ പണം ലഭിക്കാതിരുന്നതിൽ പ്രകോപിതനായ ഇക്ബാൽ ഉമർ നൗഫലിന്റെ സഹായത്തോടെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് അഷ്‌റഫിനെയും ജാവേദിനെയും തട്ടിക്കൊണ്ടുപോകുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. ഉമർ നൗഫലിനെതിരെ കൊലപാതകം, കവർച്ച തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായതിനാൽ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾ സുഖം പ്രാപിച്ച ശേഷം വീണ്ടും കസ്റ്റഡിയിലെടുക്കും.

No comments