വാക്‌സിൻ ലഭ്യത ഉറപ്പു വരുത്തുവാൻ സർക്കാർ നടപടികൾ സ്വീകരിക്കണം : അബു ദാബി കാസറഗോഡ് ജില്ലാ കെ എം സി സി .
അബുദാബി : (www.truenewsmalayalam.com 27.04.2021)
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാക്‌സിൻ ലഭ്യത ഉറപ്പ് വരുത്തുവാൻ ദ്രുത ഗതിയിൽ നടപടി സ്വീകരിക്കണമെന്ന് അബു ദാബി കാസറഗോഡ് ജില്ലാ കെ എം സി സി ഭാരവാഹികൾ ആവശ്യപ്പെട്ടു . വാക്‌സിൻ എടുക്കാൻ വാക്‌സിൻ കേന്ദ്രത്തിൽ എത്തുന്നവർക്ക് നിരാശരായി തിരിച്ചു പോകേണ്ട സ്ഥിതി വിശേഷമാണ് ഇന്ന് കേരളത്തിലുള്ളതെന്നും , പോരായ്മകൾ തിരിച്ചറിഞ്ഞു ശാസ്ത്രീയമായ ഇടപെടലിലൂടെ വാക്‌സിൻ നൽകാൻ ശ്രമിക്കണമെന്നും കാസറഗോഡ് ജില്ലാ കെ എം സി സി ആവശ്യപ്പെട്ടു .
ഉത്തരേന്ത്യയിൽ സമൂഹം അനുഭവിക്കുന്ന ദയനീയാവസ്ഥ വേദനാജനകമാണ് . വേണ്ടത്ര ആശുപത്രികൾ ഇല്ലാത്തതും ചികിത്സ ലഭ്യത കുറഞ്ഞതും രോഗികളുടെ എണ്ണം വർധിക്കാൻ കാരണമായി. കേരളത്തിൽ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കാസറഗോഡ് ചട്ടഞ്ചാലിൽ ടാറ്റ നിർമ്മിച്ചു നൽകിയ കോവിഡ് ആശുപത്രി പ്രവർത്തന സജ്ജയമാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു .
ഏതു പ്രതിസന്ധി ഘട്ടങ്ങളെയും നേരിടാൻ സജ്ജമായിരിക്കുന്ന നമ്മുടെ ആരോഗ്യ മേഖലയെ കൂടുതൽ ശക്തമാക്കാൻ ഓക്സിജനും വാക്‌സിനും എത്തിച്ചു ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ജില്ലാ കെ എം സി സി ഭാരവാഹികളായ പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ , ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല, ട്രഷറർ അബ്ദുൽ റഹ്മാൻ ഹാജി ആവശ്യപ്പെട്ടു .
ഭയമല്ല വേണ്ടതെന്നും ജാഗ്രത കാണിച്ചാൽ മതിയെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ജനങ്ങൾ സർക്കാർ നയങ്ങളോട് സഹകരിക്കണമെന്നും കെ എം സി സി ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Post a Comment