JHL

JHL

ഫാൻസി കറൻസിയുമായി മൂന്ന് പേരെ പിടികൂടിയ സംഭവം ; ദുരൂഹതകൾ ഏറെ

കാസർകോട് (www.truenewsmalayalam.com): ജില്ലയിലെ ആരെയോ കബളിപ്പിക്കാനായി കാറിൽ കടത്തുകയായിരുന്നുവെന്നു കരുതുന്ന 40 കോടിയുടെ ഫാൻസി കറൻസിയും ഒറിജിനൽ 6 ലക്ഷം രൂപയുടെ കറൻസികളുമായി 3 പേർ പേർ പിടിയിലായ സംഭവത്തിൽ ദുരൂഹതകൾ നീങ്ങുന്നില്ല.

കാഞ്ഞങ്ങാട് നിന്നു മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന കാർ ബേക്കൽ പൊലീസ് സ്റ്റേഷനു സമീപം പൊലീസ് കൈകാട്ടിയിട്ടും നിർത്താതെ പോയതിനെത്തുടർന്ന് പിന്തുടർന്നു ഉദുമയിൽ പിടികൂടുകയായിരുന്നു.  പൂനെയിൽ താമസിക്കുന്ന കർണാടക ബിദാസ് സ്വദേശി ഷേയ്ഖ് അലി(37), ഷോലാപ്പുർ കാൽജോനിൽ അന്നാ ഷേയ്ബ് അർജുൻ ഗെയ്ഡാക് (38), നോർത്ത് സോളാപ്പുർ കാർത്താലി വില്ലേജിലെ പരമേശ്വർ നർസുമാനെ (45) എന്നിവരാണു പിടിയിലായത്. പെട്ടിയിൽ അടുക്കിവച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. 2000 രൂപയുടെ ഫാൻസി നോട്ടുകളടങ്ങിയ ഓരോ ലക്ഷത്തിന്റെ ബണ്ടിലിനു മുകളിലും ഏറ്റവും താഴെയും ഒറിജിനൽ 2000 രൂപയുടെ കറൻസി അടുക്കിവച്ച നിലയിലായിരുന്നു.  സിഐ ടി.വി.പ്രദീഷ്, എസ്ഐ സി.ബാബു, എഎസ്ഐമാരായ അബൂബക്കർ കല്ലായി, വി.കെ പ്രസാദ് എന്നിവരാണ് ഇവരെ പിടികൂടിയത്. കാറും കറൻസിയും കസ്റ്റഡിയിലെടുത്തു. ഹിന്ദി സിനിമാ നിർമാതാവും പ്രവർത്തകരും ബിസിനസുകാരുമാണെന്നാണ് കാറിലെ സംഘം പൊലീസിനെ വിശ്വസിപ്പിച്ചത്.  അന്വേഷണത്തിൽ സിനിമയുമായി ബന്ധമില്ലെന്നും കർണാടകയിലും മഹാരാഷ്ട്രയിലും ഇവർക്കെതിരെ വിശ്വാസ വഞ്ചന, അടിപിടി ഉൾപ്പെടെ കേസുകൾ ഉണ്ടെന്നുമാണ് വിവരം കിട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഘത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇവർ ബേക്കൽകോട്ടയ്ക്കു സമീപം സ്പായിൽ താമസിച്ചതായി വിവരമുണ്ട്. പ്രതികളെ ജാമ്യത്തിൽ വിട്ടുവെങ്കിലും അന്വേഷണം തുടരുകയാണ് .



No comments