JHL

JHL

40 ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ


മലപ്പുറം : (www.truenewsmalayalam.com 21.04.2021)

കഞ്ഞിപ്പുര ചോറ്റൂർ ചുള്ളിച്ചോല ചെങ്കൽ ക്വാറിക്കു സമീപം പറമ്പിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടു നാലിന് പൊലീസിന്റെ സാന്നിധ്യത്തിൽ മണ്ണുമാന്തി ഉപയോഗിച്ചു സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതശരീരം കണ്ടത്. 

കഞ്ഞിപ്പുര ചോറ്റൂരിൽ നിന്ന് 40 ദിവസം മുൻപ് കാണാതായ സുബീറ ഫർഹത്തിന്റേ(21)താണ് മൃതദേഹമെന്നു പൊലീസ് സ്ഥിരീകരിച്ചു. നാട്ടുകാരൻ തന്നെയായ പ്രതി വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവറി(38)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

21 കാരിയെ പട്ടാപ്പകൽ കൊലചെയ്​തത്​ മൂന്നര പവൻ സ്വർണത്തിന്​ വേണ്ടിയെന്ന്​ പ്രതി അൻവറിന്‍റെ മൊഴി. രാവിലെ ജോലിക്കായി പോകുകയായിരുന്ന സുബീറ ഫർഹത്തിനെ വീടിന്​ 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വെച്ച്​ ആക്രമിക്കുകയായിരുന്നു. സുബീറയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്ത്​ മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചുവെന്നാണ്​ അൻവർ പൊലീസിനോട്​ പറഞ്ഞത്​. 

മൃതദേഹം ചാക്കിൽ ​കെട്ടിയ ശേഷം പ്രതിയുടെ ചുമതലയിലുള്ള സമീപത്തെ പറമ്പിലേക്ക്​ കൊണ്ടുപോയി. ആ പറമ്പിന്‍റെ കാര്യങ്ങൾ നോക്കി നടത്തുന്നയാളായതിനാൽ ആർക്കും സംശയം തോന്നിയില്ല. ശേഷം ഒരു കുഴിയെടുത്ത്​ മൃതദേഹം മൂടി. പിന്നീട്​ കൃഷി ആവശ്യത്തിനെന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണുമാന്തി യന്ത്രം വിളിച്ചു കൊണ്ടു വന്ന്​ അവിടെ മണ്ണിട്ടുമൂടുകയായിരുന്നു.

കസ്റ്റഡിയിലായിരുന്ന പ്രതി നൽകിയ വിവരമനുസരിച്ചാണ് മരിച്ച യുവതിയുടെ വീട്ടിൽനിന്ന് ഏകദേശം 350 മീറ്റർ അകലെയുള്ള പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. 

വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ ഇൻക്വസ്റ്റ് നടത്തും. 

വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറുടെ സഹായിയായി പ്രവർത്തിച്ചിരുന്ന സുബീറ ഫർഹത്തിനെ കഴിഞ്ഞ മാർച്ച് 10 മുതലാണ് കാണാതായത്. വീട്ടിൽ നിന്നു രാവിലെ ക്ലിനിക്കിലേക്കിറങ്ങിയതായിരുന്നു. 

ക്ലിനിക്കിൽ എത്താതിരുന്ന ഫർഹത്തിന്റെ വിവരങ്ങൾ ക്ലിനിക്കിൽ നിന്നു ഡോക്ടർ അന്വേഷിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. 

വിദേശത്ത് ജോലിയുള്ള കഞ്ഞിപ്പുര കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകളായ സുബീറ ഫർഹത്ത് വിവാഹമോചിതയാണ്. തിരൂർ ഡിവൈഎസ്പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.


No comments