JHL

JHL

യാത്രക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ്; കാസർകോട് കലക്ടറുടെ വിവാദ ഉത്തരവ് പിൻവലിക്കുന്നു


 കാസർകോട്: (www.truenewsmalayalam.com 19.04.2021)

ജില്ലയിലെ നഗരങ്ങളിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ വേണമെന്ന കാസർകോട് കലക്ടറുടെ ഉത്തരവ് പിൻവലിക്കുന്നു. വ്യാപക പ്രതിഷേധത്തെ തുടർന്നാണ് നടപടി. പിൻവലിക്കാൻ ചീഫ് സെക്രട്ടറി കലക്ടർക്ക് നിർദ്ദേശം നൽകിയതായാണ് അറിവ്.

ജില്ലയിൽ സഞ്ചരിക്കാൻ ശനിയാഴ്ച മുതൽ കോവിഡില്ലാ സർട്ടിഫിക്കറ്റോ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ വേണമെന്നാണ് ക​ല​ക്​​ട​ർ ഡോ. ​ഡി. സ​ജി​ത്ബാ​ബു കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ്. കലക്ടറുടെ ഉത്തരവിനെതിരെ രാഷ്ട്രീയ നേതാക്കൾ അടക്കം നിരവധി പേർ രംഗത്തു വന്നിരുന്നു. കേരളത്തിൽ എവിടെയും ഇല്ലാത്ത തീരുമാനമാണെന്നും തുഗ്ലക്ക് പരിഷ്കാരമാണെന്നും ആയിരുന്നു വിമർശനം.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉത്തരവിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകുമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എയും പ്രതികരിച്ചിരുന്നു.

കാസര്‍കോട് 622 പേർക്കാണ് ഞായ‍റാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 602 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നു. 154 പേർ സുഖം പ്രാപിച്ചു.


No comments