ഒറ്റ ദിവസം, 2,73,810 പേർക്ക് കൊവിഡ്, 1619 മരണം, ചികിത്സയിലുള്ള രോഗികൾ 19 ലക്ഷം കടന്നു
ദില്ലി: (www.truenewsmalayalam.com 19.04.2021)
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ മുകളിലേക്ക്. പ്രതിദിനകേസുകളിൽ തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലാണ്. തുടർച്ചയായി മൂന്നാം ദിവസവും രണ്ടരലക്ഷത്തിന് മുകളിലാണ് പ്രതിദിനരോഗികളുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 2,73,810 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1619 മരണവും കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി. ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേർക്കാണ്. രാജ്യത്തെ രോഗികളുടെ എണ്ണത്തിൽ ഇന്നും റെക്കോഡ് വർദ്ധനയാണ്.
ഇതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്തൊമ്പത് ലക്ഷം പിന്നിട്ടു. ആകെ 19,29,329 പേരാണ് ചികിത്സയിലുള്ളത്.
തുടർച്ചയായ നാൽപ്പതാം ദിവസവും പ്രതിദിനരോഗബാധിതരുടെ എണ്ണം കുത്തനെ മുകളിലേക്കാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. രാജ്യത്തെ രോഗികളുടെ പ്രതിദിനരോഗമുക്തിനിരക്കും കുത്തനെ കുറയുകയാണ്. രോഗമുക്തി നിരക്ക് 86 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്.
ഓക്സിജൻ ക്ഷാമം രൂക്ഷം:
അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തുന്ന മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ മെഡിക്കൽ ഓക്സിജന്‍റെ ലഭ്യതയിൽ കുത്തനെ കുറവ് രേഖപ്പെടുത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മെഡിക്കൽ ഓക്സിജൻ കൂടുതൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം രോഗവ്യാപനം തടയാനുള്ള നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കണമെന്നാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആവശ്യപ്പെട്ടത്. ''ഡിമാൻഡ് - സപ്ലൈ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ്, ഡിമാൻഡ് കുറയ്ക്കുക എന്നത്. കൊവിഡ് രോഗവ്യാപനം തടയേണ്ടത് സംസ്ഥാനസർക്കാരുകളുടെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം സംസ്ഥാനങ്ങൾ നിറവേറ്റണം'', പിയൂഷ് ഗോയൽ പറഞ്ഞു. മെഡിക്കൽ ഓക്സിജൻ പാഴാക്കുന്നത് ഒഴിവാക്കണമെന്നും പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു.
വ്യവസായങ്ങൾക്കുള്ള മെഡിക്കൽ ഓക്സിജൻ ആശുപത്രികളിലേക്ക് മാറ്റി വിതരണം ചെയ്യാൻ ഇന്നലെ കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തീവണ്ടികൾ വഴി മെഡിക്കൽ ഓക്സിജൻ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കാനും നടപടികൾ എടുത്തുവരികയാണ്. ഇതിനായി ഓക്സിജൻ എക്സ്പ്രസ് തീവണ്ടികൾ തുടങ്ങാനും ആലോചനയുണ്ട്.
മഹാരാഷ്ട്രയിലും, ദില്ലിയിലും കർണാടകയിലും സ്ഥിതി അതീവഗുരുതരമാണ്. ഒറ്റദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിനരോഗവർദ്ധനയാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇന്നലെ രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ ഒരു ദിവസം 68,631 പുതിയ രോഗികൾ രേഖപ്പെടുത്തിയപ്പോൾ, ദില്ലിയിൽ 25,462 പുതിയ കേസുകൾ രേഖപ്പെടുത്തി. കർണാടകയിൽ 19,067 കേസുകളാണ് ഇന്നലെ രേഖപ്പെടുത്തിയത്. ബംഗളുരുവിൽ ഇന്നലെ മാത്രം രേഖപ്പെടുത്തിയത് 12,793 കേസുകളാണ്.
Post a Comment