JHL

JHL

3000 ഓളം കൊവിഡ് രോ​ഗികളെ കണ്ടെത്താനായില്ല, മൊബൈൽ ഫോൺ സ്വിച്ച് ഓഫ്, ആശങ്കയിൽ ക‍ർണാടക


 (www.truenewsmalayalam.com 29.04.2021)

കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുരടുന്നതിനിടെ ആരോ​ഗ്യപ്രവ‍ത്തകരെയും അധികൃതരെയും ഞെട്ടിച്ച്‌ 3000 ഓളം കൊവിഡ് ബാധിത‍രെ കാണാനില്ല. ഇവരില്‍ മിക്കവരും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. കണ്ടെത്താനാകാത്ത ഇവര്‍ സംസ്ഥാനത്തുടനീളം രോ​ഗം പരത്താന്‍ സാധ്യതയുണ്ടെന്ന് ക‍ര്‍ണാടക റെവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞു. 39047 പേര്‍ക്കാണ് ബുധനാഴ്ച കര്‍ണാടകയില്‍ കൊവിഡ് ബാധിച്ചത്. ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ബുധനാഴ്ച ഉണ്ടായിരിക്കുന്നത്. 229 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.

കാണാതായവരെ കണ്ടെത്താന്‍ പൊലീസിന് നി‍ര്‍ദ്ദേശം നല്‍കിയതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി രോഗബാധിതരെ കാണാതാവുന്ന പ്രശ്നം തുടരുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.

കെ. സുധാകര്‍ പറഞ്ഞു. "ഞങ്ങള്‍ ആളുകള്‍ക്ക് സൗജന്യ മരുന്നുകള്‍ നല്‍കുന്നു, ഇതിലൂടെ 90 ശതമാനം കേസുകളും നിയന്ത്രിക്കാന്‍ കഴിയും, പക്ഷേ അവര്‍ (കോവിഡ് ബാധിച്ച ആളുകള്‍) അവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്തുവയ്ക്കുന്നു. ഗുരുതരമായ ഘട്ടത്തിലാണ് അവ‍ര്‍ ആശുപത്രികളില്‍ എത്തുന്നത്. ഐസിയു കിടക്കകള്‍ ലഭിക്കാന്‍ ശ്രമിക്കുന്നു. ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത്," അശോക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബെംഗളൂരുവില്‍ കുറഞ്ഞത് 2,000 മുതല്‍ 3,000 വരെ ആളുകള്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്ത് വീട് വിട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. അവര്‍ എവിടെ പോയി എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രോഗബാധിതരോട് ഫോണുകള്‍ സ്വിച്ച്‌ ഓണ്‍ ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. "ഈ സ്വഭാവം കാരണമാണ് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. അവസാന നിമിഷം നിങ്ങള്‍ ഐസിയു കിടക്കകളില്‍ എത്തുന്നത് തെറ്റാണ്," മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപനം കൂടുന്നതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ ചൊവ്വാഴ്ച മുതല്‍ 14 ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബുധനാഴ്ചത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 3,28,884 സജീവ കൊവിഡ് കേസുകളുണ്ട്. ഇതില്‍ 2,192 പേര്‍ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ (ഐസിയു) ചികിത്സയിലാണ്.

No comments