JHL

JHL

സംസ്‌കരിക്കാന്‍ ഇടമില്ലാതെ ഡല്‍ഹിയില്‍ കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ കണക്കുകളുടെ ഇരട്ടി

 


ന്യൂഡല്‍ഹി: (www.truenewsmalayalam.com 27.04.2021)

 ഡല്‍ഹിയിലെ കോവിഡ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മൂടിവയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ 1,150 മരണമെങ്കിലും ഔദ്യോഗിക കണക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഏഴ് പൊതുശ്മശാനങ്ങളിലും സന്ദര്‍ശിച്ചാണ് മരണങ്ങളുടെ കണക്കെടുപ്പ് നടത്തിയിരിക്കുന്നത്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ന്റെ (എംസിഡി) കീഴിലുള്ള 26 ശ്മശാനങ്ങളില്‍ ഏപ്രില്‍ 18 നും 24 നും ഇടയില്‍ കോവിഡ് ബാധിച്ച് മരിച്ച 3,096 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതേ ആഴ്ചയില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചത് 1,938 പേര്‍ മാത്രം. അതായത് 1,158 മരണങ്ങള്‍ ഔദ്യോഗിക കണക്കില്‍പ്പെട്ടില്ല.

ആശുപത്രികളില്‍ നിന്ന് കൊണ്ടുവന്ന മൃതദേഹങ്ങളുടെ എണ്ണമാണ് കോവിഡ് മരണ സംഖ്യയായി എംസിഡി കണക്കാക്കുന്നത്. വീട്ടില്‍ കോവിഡ് മൂലം മരിക്കുന്ന ആളുകളുടെ വിവരങ്ങളും ഔദ്യോഗിക കണക്കില്‍ വരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോവിഡ് മൂലം മരിച്ചവരുടെ കൂട്ടസംസ്‌കാരം നടക്കുന്ന ഗാസിപുര്‍ ശ്മശാനത്തില്‍നിന്നുള്ള കാഴ്ചകള്‍ ഇത് സ്ഥിരീകരിക്കുന്നു.

സംസ്‌കരിക്കാന്‍ എത്തിക്കുന്ന മൃതദേഹങ്ങളുടെ റിപ്പോര്‍ട്ടില്‍ കോവിഡ് മരണം അല്ലെങ്കില്‍ സ്വഭാവിക മരണം എന്നാണ് രേഖപ്പെടുത്തുന്നത്. ആശുപത്രിയിലാണ് മരണം സംഭവിച്ചതെങ്കില്‍ അത് കോവിഡ് മരണമാണെന്ന് നമുക്ക് അറിയാം. എന്നാല്‍ വീട്ടിലാണ് മരണം സംഭവിക്കുന്നതെങ്കില്‍ കോവിഡ് മരണമാണെന്ന് ഉറപ്പ് പറയാനാവില്ല. അതിനാല്‍ വീട്ടില്‍നിന്നും എത്തിക്കുന്ന മൃതദേഹങ്ങള്‍ സ്വഭാവിക മരണമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗാസിപുര്‍ ശ്മശാന ജീവനക്കാരന്‍ പറയുന്നു.

എല്ലാ ശ്മശാനങ്ങളിലും സംസ്‌കാരത്തിനായി മരിച്ചവരുടെ കുടുംബങ്ങള്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നു. തെക്കന്‍ ഡല്‍ഹിയിലെ സരായ് കാലെ ഖാന്‍ ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുകയാണ്. ഒരു ദിവസം 20 മൃതദേഹങ്ങള്‍ മാത്രം കൈകാര്യം ചെയ്യുള്ള ശേഷിയാണ് ഇവിടെയുള്ളത്. എന്നാല്‍ ദിവസം 60 മുതല്‍ 70 വരെ മൃതദേഹങ്ങളാണ് എത്തുന്നത്. മൃതദേഹങ്ങള്‍ കൂടിയതോടെ തൊട്ടടുത്ത പാര്‍ക്കില്‍ സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കേണ്ടിവന്നിരിക്കുകയാണ്.

No comments