JHL

JHL

സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ നൽകണമെന്ന് ഇൻഡ്യൻ ജേർണലിസ്റ്റ് യൂനിയൻ യു പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇടപെടൽ കെ ജെ യു ജില്ല നേതൃത്വത്തിന്റെ അഭ്യർത്ഥന മാനിച്ച്


ഡൽഹി: (www.truenewsmalayalam.com 27.04.2021)

 ഉത്തർപ്രദേശിലെ ഹത്രാസിൽ ദലിത് ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോർട്ട് ചെയ്യാനെത്തിപ്പോൾ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ദീക്ക് കാപ്പന്റെ ആരോഗ്യ നില കൊവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ഉടൻ ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ജേണലിസ്റ്റ് യൂനിയൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് കത്തയച്ചു.

         കേരള ജേർണലിസ്റ്റ് യൂനിയൻ കാസറഗോഡ് ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ ഇടപെടണമെന്ന് ഐ ജെ യു ജനറൽ സെക്രട്ടറി ജി. പ്രഭാകരനോട് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന മാനിച്ചാണ് ഐ ജെ യു, യു പി മുഖ്യമന്ത്രിക്ക് കത്തയച്ചത്. നിലവിൽ കാപ്പനെ ചികിത്സയുടെ പേരിൽ മധുരയിലെ കെ വി എം ആശുപത്രിയിൽ ചങ്ങലയ്ക്കിട്ടിരിക്കയാണെന്നും അദ്ദേഹം പ്രമേഹവും ഹൃദ്രോഗവും കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നയാളാണെന്നും വിദഗ്ധ ചികിത്സ നൽകണമെന്നും കത്തിൽ പറഞ്ഞു. 

       ശരിയായ ചികിത്സ നൽകാതിരിക്കുന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും അധികാരികളിൽ നിന്നുള്ള മനുഷ്യത്വരഹിതമായ പ്രവർത്തനമാണെന്നും കത്തിൽ ഒർമ്മിപ്പിച്ചു. സിദ്ദീഖ് കാപ്പന്റെ നില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ ഡൽഹി എയിംസിലേക്ക് മാറ്റണമെന്നുമാണ് ഐ ജെ യു വിന്റെ ആവശ്യം. മുഖ്യമന്ത്രി എന്ന നിലയിൽ ഇക്കാര്യത്തിൽ താങ്കൾ വേണ്ട നിലയിൽ ഇടപെടണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു.

No comments