കുമ്പള ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 11 തുടക്കമാകും
കുമ്പള(www.truenewsmalayalam.com) : ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള കുമ്പള ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11,12,18,19, 20 തീയതികളിൽ ഷേണി ശ്രീ ശാരദാംബ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
11 ന് രാവിലെ 9.30ന് സ്കൂൾ മാനേജർ ശാരദ .വൈ പതാക ഉയർത്തും.
18 ന് ഉച്ചയ്ക്ക് 2.30 ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും.
എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷനാകും.
എൺമകജെ പഞ്ചായത്ത് പ്രസിഡൻ്റും സംഘാടക സമിതി ചെയർമാനുമായ സോമശേഖര ജെ.സ്വാഗതം പറയും.
11, 12 തീയതികളിൽ സ്റ്റേജിതര മത്സരങ്ങളും,18 മുതൽ 20 വരെ സ്റ്റേജ് മത്സരങ്ങളും നടക്കും.
93 സ്കൂളുകളിൽ നിന്നായി പതിനാറ് വേദികളിൽ 299 ഇനങ്ങളിൽ ഏഴായിരത്തോളം കുട്ടികൾ മത്സരാർത്ഥികളായെത്തും.
സബ് ജില്ലാ സ്കൂൾ കലോത്സവങ്ങളുടെ ചരിത്രത്തിലാധ്യമായാണ് ഇത്രയധികം ഇനങ്ങളിൽ മത്സരാർത്ഥികളെത്തുന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു.
ദിവസം അയ്യായിരത്തോളം പേർക്ക് ഭക്ഷണക്രമീകരണം ഒരുക്കിയതായും അറിയിച്ചു.
കലോത്സവത്തിൻ്റെ പ്രചരണാർത്ഥം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പെർള ടൗണിൽ നിന്നും വിവിധ കലാ രൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര സംഘടിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സോമശേഖര ജെ.കുമ്പള എ.ഇ.ഒ ശശിധര, ജന. കൺവീനർ ശാസ്തകുമാർ, പ്രധാന അധ്യാപകൻ രാധാകൃഷ്ണ ജെ.എസ്, പ്രധാന അധ്യാപകൻ ശ്രീഷ കുമാർ, പി.ടി എ വൈസ് പ്രസിഡൻ്റ് ഉമ്മർ കങ്കിനമൂല, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അബ്ദുൽ റഹിമാൻ എം, മുംതാറലി കുദ്റടുക്ക, അബൂബക്കർ പെർദന സംബന്ധിച്ചു.
Post a Comment