JHL

JHL

കൊപ്പളം"ഫുട് ഓവർ ബ്രിഡ്ജിന്'' സാധ്യത തെളിയുന്നു:റെയിൽവേ ഉദ്യോഗസ്ഥസംഘം പ്രദേശം സന്ദർശിച്ചു.

മൊഗ്രാൽ.സുരക്ഷാ കാരണങ്ങളാൽ മൊഗ്രാൽ കൊപ്പളത്ത് വലിയ ജുമാ മസ്ജിദിന് മുന്നിൽ റെയിൽപ്പാളം മുറിച്ചുകടക്കുന്നത് കമ്പിവേലി കെട്ടി തടഞ്ഞ റെയിൽവേ നടപടി പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് കമ്മിറ്റിയും, കുമ്പള ഗ്രാമപഞ്ചായത്തും, മൊഗ്രാൽ ദേശീയ വേദിയും,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എംപിയും എംഎൽഎയും മുഖേന റെയിൽവേയ്ക്ക്  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ ഉദ്യോഗസ്ഥ സംഘം വഴി അടച്ചു കെട്ടിയ കൊപ്പളം പ്രദേശം സന്ദർശിച്ചു.

 പടിഞ്ഞാർ പ്രദേശത്തുള്ള വിദ്യാർത്ഥികളുടെ സ്കൂൾ-മദ്രസ പഠനം മുടക്കുന്ന നടപടിയാണ് റെയിൽവേയുടേതെന്ന് കാണിച്ച് നേരത്തെ മൊഗ്രാൽ ദേശീയവേദി മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചിരുന്നു. നാട്ടുകാരുടെയും, റെയിൽവേയുടെയും അഭിപ്രായം ആരാഞ്ഞ മനുഷ്യാവകാശ കമ്മീഷൻ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പാളം മുറിച്ചു കടക്കാതെ തന്നെ അടിപ്പാതയോ, മേൽപ്പാലമോ പരിഗണിച്ച് ബദൽ സംവിധാനം ഏർപ്പെടുത്തി കൊടുക്കാൻ റെയിൽവേക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

 കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാലിനോടൊപ്പം പ്രദേശം സന്ദർശിച്ച റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ജുമാമസ്ജിദ് റോഡും, കൊപ്പളം റോഡും പരിശോധിച്ച് "ഫുട് ഓവർ ബ്രിഡ്ജ് ''അനുവദിച്ചു കിട്ടാനുള്ള അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് നാട്ടുകാരെ അറിയിച്ചു. ഇതിനായി റെയിൽവേയ്ക്ക് റിപ്പോർട്ട് നൽകുമെന്നും,കുമ്പള ഗ്രാമപഞ്ചായത്ത് മുഖേന വേണ്ട തുടർന്ന് നടപടി കൈക്കൊള്ളാവുന്നതാണെന്നും രഞ്ജിത് കുമാർ പറഞ്ഞു.

 പ്രദേശവാസികളെ പ്രതിനിധീകരിച്ച് പൊതുപ്രവർത്തകൻ സിഎം ജലീൽ, കൊപ്പളം സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി സെക്രട്ടറി ബികെ അൻവർ കൊപ്പളം,ഖാലിദ് കൊപ്പളം,അബ്ദുള്ള, ശരീഫ്,ദേശീയവേദി ഭാരവാഹികളായ എംഎ മൂസ,പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു.



No comments