ഒരു പദ്ധതിക്കും വേഗതയില്ല: മത്സ്യത്തൊഴിലാളികളുടെ "പുനർഗേഹം''പദ്ധതിയും കുമ്പളയിൽ വർഷം മൂന്ന് പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങുന്നു.
കോയിപ്പാടി വില്ലേജിൽ നാരായണ മംഗലത്താണ് സംസ്ഥാന സർക്കാരിന്റെ തുറമുഖ- ഫിഷറീസ് വകുപ്പ് സംയുക്തമായി 22.05 കോടി രൂപ ചെലവിൽ പാർപ്പിടസമുച്ചയം പണിയുന്നത്.2021ലാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.2024- ഓടെ പദ്ധതി പൂർത്തിയാക്കാനാ യിരുന്നു തീരുമാനമെങ്കിലും വർഷം മൂന്ന് പിന്നിട്ടിട്ടും പകുതി ജോലി പോലും ഇതുവരെ ആയിട്ടില്ല എന്നതാണ് പ്രതിഷേധം ഉയർന്നു വരാൻ കാരണമായിരിക്കുന്നത്.നിലവിലെ നിർമ്മാണ പുരോഗതി വിലയിരുത്തിയാൽ 2026 ലെങ്കിലും പണിപൂർത്തിയാകുമോ എന്നതും സംശയമാണ്.
കുമ്പളയിൽ മാത്രം 120 പാർപ്പിട സമുച്ചയമാണ് നിർമ്മിക്കുന്നത്. ഇതിനായി സർക്കാർ 22.05 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
10 ലക്ഷം രൂപ യൂണിറ്റ് ചെലവ് വരുന്ന 120 ഫ്ലാറ്റിനായാണ് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നത്. 480 ചതുര അടി വിസ്തൃതിയിൽ രണ്ട് കിടപ്പുമുറി,അടുക്കള, ഹാൾ,ശുചിമുറി സൗകര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്.ഇത് കൂടാതെ അംഗനവാടി കെട്ടിടം,ഭൂവികസനം, ചുറ്റുമതിൽ നിർമ്മാണം, കുടിവെള്ള പദ്ധതി, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും പദ്ധതിയിൽ ഇടം പിടിച്ചിരുന്നു.പാർപ്പിട സമുച്ചയത്തിന് സമീപത്തായി സമീപഭാവിയിൽ ആരോഗ്യകേന്ദ്രവും, വായനശാലയും, കളിസ്ഥലവും, സ്ഥാപിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചിരുന്നു.
പദ്ധതി വൈകുന്നതിൽ മത്സ്യത്തൊഴിലാളികൾക്കിടയിൽ ഇപ്പോൾ പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്.ജില്ലയിലെ മറ്റുള്ള വികസന പദ്ധതികൾക്കൊക്കെ ഉണ്ടായ അവസ്ഥ മത്സ്യ തൊഴിലാളികളുടെ പുനരധിവാസ പദ്ധതിക്കും ഉണ്ടാവരുതെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
Post a Comment