JHL

JHL

ജില്ലയിൽ നടക്കുന്നത് മഞ്ചേശ്വരം മണ്ഡലത്തെ ഒഴിവാക്കി കൊണ്ടുള്ള റെയിൽവേ വികസനം: പ്രതിഷേധവുമായി സന്നദ്ധ യുവജന വിദ്യാർത്ഥി സംഘടനകൾ

കുമ്പള.മഞ്ചേശ്വരം മണ്ഡലത്തിലെ 3 പ്രധാന റെയിൽവേ സ്റ്റേഷനുകളായ മഞ്ചേശ്വരം,ഉപ്പള, കുമ്പളയെ ഒഴിവാക്കി കൊണ്ടുള്ള ജില്ലയിലെ റെയിൽവേ വികസനത്തിൽ ശക്തമായ പ്രതിഷേധവുമായി പാസഞ്ചേഴ്സ് അസോസിയേഷനും, വിദ്യാർത്ഥികളും, വ്യാപാരികളും, സന്നദ്ധ യുവജന സംഘടനകളും രംഗത്ത്.

 കഴിഞ്ഞ കുറേ വർഷങ്ങളായി മഞ്ചേശ്വരം, ഉപ്പള,കുമ്പള റെയിൽവേ സ്റ്റേഷനുകളെ അവഗണിക്കുന്ന സമീപനമാണ് റെയിൽവേയുടേത്. ഇതിനെതിരെ നിരവധി പ്രക്ഷോഭ പരിപാടികൾ   പാസഞ്ചേഴ്സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും, നാട്ടുകാരും നടത്തിയിരുന്നു. നിരന്തരമായി ജനപ്രതിനിധികൾക്കും റെയിൽവേ അധികൃതർക്കും നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നിട്ടും വികസനത്തോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് ജനപ്രതിനിധികളും, റെയിൽവേ അധികൃതരും സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.

 പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ വർഷം ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എംപി മഞ്ചേശ്വരം മണ്ഡലത്തിലെ ഈ മൂന്ന് സ്റ്റേഷനുകളും സന്ദർശിച്ചു നാട്ടുകാരിൽ നിന്നും, സന്നദ്ധ സംഘടനകളിൽ നിന്നും പരാതി കേൾക്കുകയും, നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.സന്ദർശനം രാഷ്ട്രീയ തട്ടിപ്പെന്ന് പറഞ്ഞ് എസ്ഡിപിഐ പ്രവർത്തകർ മഞ്ചേശ്വരം സ്റ്റേഷനിൽ വെച്ച് എംപിയെ തടഞ്ഞിരുന്നു. എന്നിട്ട് പോലും ഒരു ഇടപെടലുകളും വികസന കാര്യത്തിൽ നടന്നതുമില്ല.

 റെയിൽവേയ്ക്ക് ഏറെ വരുമാനം നേടിത്തരുന്ന മണ്ഡലത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളാണ് മഞ്ചേശ്വരവും, കുമ്പളയും. വികസന കാര്യത്തിലാകട്ടെ കടുത്ത അവഗണനയും. കുമ്പള റെയിൽവേ സ്റ്റേഷനിൽ മാത്രം വികസനത്തിനാവശ്യമായ ഏക്കർ കണക്കിന് ഭൂമി ഇവിടെയുണ്ട്. ഇത് നിരവധിതവണ അധികൃതരെ ധരിപ്പിച്ചതുമാണ്. കുമ്പളയെ സാറ്റലൈറ്റ് സ്റ്റേഷനാക്കി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് ചെവി കൊള്ളാൻ അതികൃതർ തയ്യാറാവുന്നതുമില്ല. ജില്ലയിലെ വികസനമാ കട്ടെ കാസർഗോഡ് മുതൽ തെക്കോട്ടുള്ള സ്റ്റേഷനുകളെയാണ് റെയിൽവേ പരിഗണിക്കുന്നത്.ഇതിന്റെ പിതൃത്വം ഏറ്റെടുക്കാൻ രാഷ്ട്രീയപാർട്ടികളും, ജനപ്രതിനിധികളും മത്സരിക്കുകയാണെന്നും ആക്ഷേപമുണ്ട്. ജില്ലയിലെ മറ്റുള്ള സ്റ്റേഷനുകളോടുള്ള  അവഗണന തുടരുന്ന പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാരും, പാസഞ്ചേഴ്സ് അസോസിയേഷനും സന്നദ്ധ സംഘടനകളും പറയുന്നു.

No comments