JHL

JHL

കേന്ദ്ര സഹായമില്ലാതെ വയനാട്ടിൽ പുനരധിവാസം പൂർണ്ണമാവില്ല; ദുരിതബാധിതർക്ക് സാന്ത്വന സ്പർശവുമായി മൊഗ്രാൽ ദേശീയവേദി വയനാട്ടിൽ


മൊഗ്രാൽ(www.truenewsmalayalam.com) : പ്രകൃതി ദുരന്തത്തിൽ ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുന്ന വയനാട്ടിലെ ദുരിതബാധിതർക്ക് പുനരധിവാസം ഇനിയും അകലെ. കേന്ദ്ര സഹായമില്ലാതെ ഇനി മുന്നോട്ട് പോകാനാവില്ലെന്ന് ദുരിതബാധിതർ പറയുന്നു.

ചൂരൽ മലയും,മുണ്ടക്കൈയും ഇപ്പോഴും ആളനക്കമില്ലാതെ അടഞ്ഞു തന്നെ കിടക്കുന്നു. ഇനിയും കിട്ടാത്ത മൃതദേഹങ്ങളെറെയുണ്ട് അവിടെ. അവർക്കായി ഇപ്പോഴും കുടുംബാംഗങ്ങൾ പ്രാർത്ഥനയോടെ, പ്രതീക്ഷകളോടെ  കാത്തിരിക്കുന്നു.

 ഇത് എങ്ങനെ സാധ്യമാവും..? ചോദ്യവും ഉത്തരവും അവരുടെ കണ്ണുനീരിലും എട്ടും പൊട്ടും തിരിയാത്ത അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളുടെ കരച്ചിലിലുമുണ്ട്.പ്രകൃതി ഇങ്ങനെയും മനുഷ്യരെ പരീക്ഷിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

മൊഗ്രാൽ ദേശീയ വേദി വയനാട്ടിലെ ദുരിതബാധിതർക്കായി സ്വരൂപിച്ച തുക ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ദുരന്ത ഭൂമിയിൽ നേരിട്ട് ചെന്ന് വിതരണം ചെയ്തു.

 ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വഴിയാധാരമായ 13   ദുരിതബാധിത കുടുംബങ്ങൾക്കാണ് ധനസഹായവും ഭക്ഷ്യകിറ്റും വിതരണം ചെയ്തത്. വെള്ളാർമല ഹൈസ്കൂൾ പി.ടി.എ പ്രസിഡണ്ട് നജീബ്, 14 അംഗ ദേശീയവേദി സംഘത്തിന് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി തന്നു.

 2019ലെ പ്രളയ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ഷഫീർ മൗലവി ഏറ്റവും അർഹരായ 13 കുടുംബങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ദേശീയവേദി സംഘത്തെ സഹായിക്കുകയും അനുഗമിക്കുകയും ചെയ്തു. ദുരന്തഭൂമിയിലെ നൊമ്പരങ്ങളായി മാറിയ അവന്തിക,നൈസ,സിദറത്തുൽ മുൻതഹ എന്നീ പിഞ്ചുകുട്ടികളടക്കമുള്ള 13 പേർക്കും വീട്ടിൽ നേരിട്ട് ചെന്നാണ് ധനസഹായവും, ഭക്ഷ്യ കിറ്റും കൈമാറിയത്.

 ദേശീയവേദിയുടെ 14 അംഗ സന്ദർശന സംഘത്തിൽ പ്രസിഡണ്ട് ടി.കെ അൻവർ,സെക്രട്ടറി എം.എമൂസ, ട്രഷറർ പി.എം മുഹമ്മദ് കുഞ്ഞി ടൈൽസ്, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ദേശീയവേദി ഗൾഫ് പ്രതിനിധി എൽ.ടി മനാഫ്,വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് അബ്കോ, എം.ജി.എ റഹ്മാൻ, ജോയിന്റ് സെക്രട്ടറി ബി.എ മുഹമ്മദ് കുഞ്ഞി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം വിജയകുമാർ, എം.എം റഹ്മാൻ,കെ.പി മുഹമ്മദ് സ്മാർട്ട്,എം.എ അബൂബക്കർ സിദ്ദീഖ്, കെ മുഹമ്മദ് കുഞ്ഞി  നാങ്കി, നൗഷാദ് മലബാർ എന്നിവർ ഉണ്ടായിരുന്നു.


No comments