JHL

JHL

പെറ്റ് പെരുകി മൊഗ്രാൽ സ്കൂൾ മൈതാനത്ത് നായ്ക്കൂട്ടങ്ങൾ; വിദ്യാർത്ഥികൾക്ക് ഭീഷണി


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ സ്കൂൾ മൈതാനവും, തുറന്നിട്ടിരിക്കുന്ന പവലിയൻ കെട്ടിടവും നായക്കൂട്ടങ്ങളുടെ സുഖവാസ കേന്ദ്രം. പവലിയൻ കെട്ടിടത്തിനുള്ളിൽ നായ്ക്കൾ പെറ്റു പെരുകുകയാണ്.
ഇവ കൂട്ടത്തോടെ മൈതാനത്തിറങ്ങുന്നു.
 ഇത് സ്കൂൾ-മദ്രസ വിദ്യാർത്ഥികൾക്ക് ഭീഷണിയായിട്ടുണ്ട്.

 മൊഗ്രാൽ ടൗണിലുമുണ്ട് നായ്ക്കൂട്ടങ്ങളുടെ ശല്യം. സർവീസ് റോഡിലാണ് കിടപ്പ്.ഇവിടെ തമ്പടിച്ച് കിടക്കുന്ന നായ്ക്കൂട്ടങ്ങൾ ഇരുചക്ര വാഹനക്കാർക്ക് നേരെ ചാടി വീഴുന്നതും, നിയന്ത്രണം തെറ്റി ഇരുചക്ര വാഹനക്കാർ അപകടത്തിൽ പെടുന്നതും നിത്യ സംഭവമാണ്.

പലപ്പോഴും നായ്ക്കൂട്ടങ്ങൾ റോഡിൽ കിടക്കുന്നതിനാൽ ഗതാഗത തടസ്സത്തിനും കാരണമാവുന്നുണ്ട്. ഇതുവഴിയുള്ള കാൽനടയാത്രക്കാർക്കും,സ്കൂൾ മദ്രസ വിദ്യാർത്ഥികൾക്കും നായ്കൂട്ടങ്ങൾ ശല്യമായി മാറിയിട്ടുണ്ട്.

 കാൽനടയാത്രക്കാരായ സ്ത്രീകളാണ് പലപ്പോഴും നായ്ക്കൂട്ടങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത്. സ്ത്രീകൾക്ക് ഓടാൻ ബുദ്ധിമുട്ടുള്ളതിനാൽ പലപ്പോഴും നായ്ക്കൂട്ടങ്ങൾ സ്ത്രീകൾക്ക് നേരെയാണ് ചാടി വീഴുന്നത്.ആക്രമണം തടയാനും സ്ത്രീകൾക്കാവുന്നില്ല. ചെറിയ കുട്ടികളുടെയും അവസ്ഥ ഇതുതന്നെ. നാട്ടുകാരാണ് പലപ്പോഴും ഇടപെട്ട് നായ്ക്കളെ അടിച്ചോടിക്കുന്നത്.

 ആർക്കെങ്കിലും നായയുടെ കടിയേറ്റാൽ മാത്രം നായ ശല്യം വാർത്തയാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.പിന്നെ അധികൃതരുടെ കുറെ ഇടപെടലുകളും, പദ്ധതികളും.ഒന്നിനും ആയുസ്സ് ഉണ്ടാവുന്നില്ല.

 നായ ശല്യം തുടർന്നുകൊണ്ടേയിരിക്കുന്നു.നായ ശല്യം തടയാനുള്ള പദ്ധതികളൊന്നും പ്രാബല്യത്തിൽ വരുന്നുമില്ല.വന്ധ്യംക രണം,എബിസി പദ്ധതികളൊക്കെ പാതിവഴിയിലുമാണ്. ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ പോലുമില്ലാത്ത അവസ്ഥയാണുള്ളത്.

 നായ ശല്യം പരിഹരിക്കാൻ ഇതുവരെ ശാശ്വതമായ പരിഹാരങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉപദ്രവകാരികളായ നായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും"പൂച്ചയ്ക്കാരു മണികെട്ടും'' എന്നത് തർക്ക വിഷയമാണ്.ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളൊക്കെ നായ വളർത്തൽ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.

സർക്കാർ ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ,പോലീസ് സ്റ്റേഷനുകൾ ഇവിടങ്ങളിലൊക്കെ പൊതുജനങ്ങളെ സ്വീകരിക്കാനെത്തുന്നത് നായ്ക്കൂട്ടങ്ങളുടെ ശല്യത്തോടെയാണ്.നടപടി സ്വീകരിക്കേണ്ട അതികൃതർക്കാകട്ടെ മിണ്ടാട്ടവുമില്ല.


No comments