JHL

JHL

കാസര്‍കോട് ജില്ലയില്‍ അഞ്ച് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി

 


കാസര്‍കോട്: (www.truenewsmalayalamm.com 10.04.2021)

മെയ് രണ്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങള്‍ സജ്ജമാക്കി. മഞ്ചേശ്വരം മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കാസര്‍കോട്-കാസര്‍കോട് ഗവ. കോളജ്, ഉദുമ-പെരിയ ഗവ. പോളിടെക്നിക് കോളജ്, കാഞ്ഞങ്ങാട്-നെഹ്റു കോളജ്, പടന്നക്കാട്, തൃക്കരിപ്പൂര്‍-തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളജ് എന്നിവയാണ് മറ്റ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ഒരു കേന്ദ്രത്തില്‍ നാല് ഹാളുകള്‍ വീതം ഉണ്ടാവും. ഒരു ഹാളില്‍ ഏഴ് മേശകള്‍ വോട്ടെണ്ണലിന് ഒരുക്കും. പോസ്റ്റല്‍ ബാലറ്റിന് പ്രത്യേക കൗണ്ടിംഗ് ഹാള്‍ ഉണ്ടാവും. മെയ് രണ്ടിന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.

വരണാധികാരിയുടെ ചുമതലയിലാണ് വോട്ടെണ്ണല്‍ നടക്കുക. ഓരോ റൗണ്ട് വോട്ടെണ്ണലിന്റെ ഫലവും വരണാധികാരി ബന്ധപ്പെട്ട സോഫ്റ്റ്വെയറില്‍ പബ്ലിഷ് ചെയ്താല്‍ അത് നേരിട്ട് വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും വിധമാണ് സജ്ജീകരണം. https://results.eci.gov.in/ എന്ന ഇലക്ഷന്‍ റിസല്‍ട്ട്സ് പോര്‍ട്ടലിലാണ് ട്രെന്‍ഡുകളും ഫലവും തല്‍സമയം ലഭ്യമാവുക. വോട്ടര്‍ ഹെല്‍പ്ലൈന്‍ ആപ്പിലും ഫലം ലഭിക്കും.

വോട്ടെണ്ണലിന് മുന്നോടിയായി ഓണ്‍ലൈന്‍ സജ്ജീകരണങ്ങള്‍ വിലയിരുത്താനും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡ്രൈ റണ്ണും ഡ്രസ് റിഹേഴ്സലും നടത്തും.

വോട്ടെണ്ണല്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനായി പരിശീലനം നല്‍കി. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങള്‍, ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കി.

No comments