JHL

JHL

എറണാകുളത്ത് കൊവിഡ് വ്യാപനം തീവ്രമെന്ന് ഐ എം എ. രോഗബാധിതരിൽ കൂടുതൽ ചെറുപ്പക്കാർ


(www.truenewsmalayalam.com 15.04.2021)

എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാള്‍ തീവ്രമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ജാഗ്രത അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ സംഖ്യ കുത്തനെ ഉയര്‍ന്നു. ഗുരുതര അവസ്ഥയില്‍ വന്നവരില്‍ 40നും 60നും ഇടയ്ക്കുള്ളവരില്‍ ഉള്ളവര്‍ കൂടുതല്‍. ചെറുപ്പക്കാരും ഉണ്ട്. ഐസിയുകള്‍ നിറഞ്ഞു തുടങ്ങി, സീരിയസ് രോഗമുള്ള ചെറുപ്പക്കാര്‍ ഏറെയുണ്ട് ഇത്തവണ ഐസിയുവിലെന്നും ഐഎംഎ ചൂണ്ടിക്കാട്ടി. ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ 120ഓളം വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ കൊവിഡ് മീറ്റിങ്ങ് നടത്തിയതിന് ശേഷമാണ് ഐഎംഎയുടെ പ്രതികരണം. മാര്‍ച്ചില്‍ വെറും നാലായിരുന്ന കേരളത്തിലെ ശരാശരി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് പന്ത്രണ്ടിലേക്ക് കുതിച്ചിട്ടുണ്ട്. (നൂറു പേരില്‍ ടെസ്റ്റ് നടത്തിയാല്‍ എത്ര പേര്‍ക്ക് രോഗം കണ്ടെത്തുന്നു എന്ന കണക്കാണ് ടിആര്‍പി). അത് അഞ്ചിനു താഴെ ആയാല്‍ പാന്‍ഡെമിക് തല്‍കാലം ‘കുറഞ്ഞു’ എന്ന് കരുതാം. എന്നാല്‍ ജില്ലയിലെ ആശുപത്രികളില്‍ വരുന്ന രോഗലക്ഷണങ്ങള്‍ ഉള്ളവരും, പ്രാഥമിക സമ്പര്‍ക്ക പട്ടിക വഴി കണ്ടെത്തിയവരും ഉള്‍പ്പെട്ട രണ്ടായിരത്തോളം പേരുടെ മാത്രം ടെസ്റ്റുകളുടെ ഫലം നോക്കുമ്പോള്‍ ടിപിആര്‍ മേല്‍പ്പറഞ്ഞ ശരാശരിയേക്കാള്‍ കൂടുതലാണ്. അതിനര്‍ത്ഥം ജില്ലയില്‍ ഇനിയും നിരവധി പേര്‍ കോവിഡ് ബാധിച്ചവര്‍ ഉണ്ടെന്നാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഐഎംഎയുടെ മുന്നറിയിപ്പ്:

ഇന്ന് ജില്ലയിലെ സർക്കാർ – സ്വകാര്യ മേഖലയിലെ നൂറ്റിയിരുപതോളം വിദഗ്ദ്ധ ഡോക്ടർമാരുടെ കോവിഡ് മീറ്റിംഗ് (zoom) നടന്നു. അതിൽ നിരവധി കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

20 പ്രധാന കണ്ടെത്തലുകൾ/നിർദ്ദേശങ്ങൾ:

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജില്ലയിൽ കോവിഡ് രോഗികളുടെ സംഖ്യ കുത്തനെ ഉയർന്നിട്ടുണ്ട്.

2 . ഗുരുതര അവസ്ഥയിൽ വന്നവരിൽ 40-നും 60-നും ഇടയ്ക്കുള്ളവരിൽ ഉള്ളവർ കൂടുതൽ. ചെറുപ്പക്കാരും ഉണ്ട്.

3 . വാക്‌സിൻ എടുത്തതു കൊണ്ടാവാം, പ്രായം ചെന്നവരിൽ രോഗം കുറവ്. വാക്‌സിൻ നിരസിച്ച ചില വയോധികരിൽ തീവ്രമായ രോഗം.

ICU കൾ നിറഞ്ഞു തുടങ്ങി, സീരിയസ് രോഗമുള്ള ചെറുപ്പക്കാർ ഏറെയുണ്ട് ഇത്തവണ ICU -ൽ.

രണ്ടാഴ്‍ച്ച മുൻപു വരെ കൂടുതൽ കോവിഡ് ഇതര രോഗികൾക്ക് ചികിത്സ ഒരുക്കിവന്നിരുന്ന സ്വകാര്യ ആശുപത്രികളിൽ ഇപ്പോൾ U- turn വേണ്ടി വന്നു. ആശുപത്രികൾ പലതും കോവിഡ് രോഗികൾ വന്നു നിറയുന്നു. പുതിയ കോവിഡ് ബെഡ് ഒരുക്കേണ്ടി വരുന്നു.

മാർച്ചിൽ വെറും നാലായിരുന്ന കേരളത്തിലെ ശരാശരി ടിപിആർ , കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് പന്ത്രണ്ടിലേക്ക് കുതിച്ചിട്ടുണ്ട്. (നൂറു പേരിൽ ടെസ്റ്റ് നടത്തിയാൽ എത്ര പേർക്ക് രോഗം കണ്ടെത്തുന്നു എന്ന കണക്കാണ് TPR). അത്‌ അഞ്ചിനു താഴെ ആയാൽ പാൻഡെമിക് തൽകാലം “കുറഞ്ഞു” എന്ന് കരുതാം.

എയർപോർട്ട് സ്‌ക്രീനിങ്, സ്വകാര്യ ലാബുകളിലെ സ്ക്രീനിങ് ടെസ്റ്റുകൾ ആശുപത്രികൾ എന്നിവ ഉൾപ്പെടെ എറണാകുളം ജില്ലയിൽ മൊത്തം നടത്തിയ പന്തീരായിരത്തോളം ടെസ്റ്റുകളുടെ ശരാശരിയാണ് 12%  ടിപിആർ.

രോഗലക്ഷണങ്ങൾ തോന്നുന്നവർ എത്രയും വേഗം സ്വയം നിരീക്ഷണത്തിൽ (സെൽഫ് ഐസൊലേറ്റ്) പോകുകയും അടുത്തുള്ള ആരോഗ്യപ്രവർത്തകരുമായി ഫോണിൽ ബന്ധപ്പെട്ട് ടെസ്റ്റ് ചെയ്യേണ്ടതുമാണ്. ടെസ്റ്റ് നെഗറ്റീവ് എന്ന് അറിയുന്നതു വരെ മറ്റുള്ളവരുമായി സമ്പർക്കം വരാതെ നോക്കേണ്ടത് നിർബ്ബന്ധമാണ്. സമൂഹത്തിൽ അനിയന്ത്രിതമായി രോഗം വ്യാപിക്കാതിരിക്കാനാണിത്.

ഒരിക്കൽ ടെസ്റ്റ് പോസിറ്റീവ് കിട്ടിയാൽ ഉടൻ തന്നെ മറ്റൊരു ലാബിൽ പോയി നെഗറ്റീവ് കിട്ടുമോ എന്നു നോക്കുന്നത് ശരിയായ നടപടിയല്ല. ചിലപ്പോൾ രണ്ടാമത്തെ ടെസ്റ്റ് false നെഗറ്റീവ് അകാൻ വഴിയുണ്ട്.

രോഗ ബാധയുള്ളവർ ആരോഗ്യവകുപ്പുമായി സഹകരിക്കുക, contact tracing ഉറപ്പു വരുത്തുക. ഇല്ലെങ്കിൽ ഇവർക്ക് രോഗം കണ്ടെത്താതെ പോവുക മാത്രമല്ല, അവർ മറ്റുള്ളവരിലേക്ക് വൈറസ് പരത്താനും സാധ്യതയുണ്ട്.

12.ഒരു വർഷമായി പാൻഡെമിക് തുടങ്ങിയതിൽ പിന്നെ പതിവായി ഓരോ ആഴ്ച്ചയും കോവിഡ് രോഗ ചികിത്സാവിധികൾ ജില്ലയിലെ ഡോക്ടർമാർ, കൊച്ചി IMA യുടെയും NHM ൻറെയും KGMOA യുടെയും നേതൃത്വത്തിൽ വിശദമായി ചർച്ച ചെയ്യാറുണ്ട്. ഏറ്റവും ആധുനികമായ എല്ലാ ശാസ്ത്രീയ പ്രബന്ധങ്ങളും നിരീക്ഷണങ്ങളും പരിഗണിക്കപ്പെടാറുണ്ട്. തന്മൂലം നമ്മുടെ ഡോക്ടരമാർ എല്ലാവരും നിരന്തരം മാറുന്ന ചികിത്സാവിധികളെപ്പറ്റി എന്നും അപ്‌ഡേറ്റഡ് ആണ്. ചർച്ചയിൽ IMA, KGMOA, KGMCTA, KGIMOA, QPMPA മുതലായ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കാറുണ്ട്.

ഇന്ന് നിലവിൽ രണ്ടു കോവിഡ് ഔഷധങ്ങളാണ് “life-saving” ആയി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഓക്‌സിജനും സ്റ്റീറോയിഡും. എന്നാൽ എല്ലവർക്കും ഇത് ഫലം ചെയ്യുകയില്ല, വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ മാത്രമേ ചികിത്സകൾ ചെയ്യാവൂ.

അശാസ്ത്രീയമായ മരുന്നുകൾ ഒഴിവാക്കേണ്ടതാണ്. തുടക്കത്തിൽ ഉണ്ടായിരുന്ന പല ചികിത്സകളും ഫലമില്ലാത്തതിനാൽ പിന്നീട് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. 

കോവിഡ് പലരെയും പല രീതിയിൽ ബാധിക്കുന്ന ഒരു പ്രത്യേക സ്വഭാവമുള്ള രോഗമാണ്. ഓരോ രോഗിക്കും ഏത് ചികിത്സ വേണം ഏത് ടെസ്റ്റുകൾ വേണം എന്നുള്ളത്, ഓരോ രോഗിയുടെയും പ്രത്യേകതകൾ പഠിച്ച ശേഷം ഡോക്ടർമാർ തീരുമാനിക്കും.

വിരയ്ക്ക് ഉള്ള ചികിത്സ പോലെ എല്ലാ കോവിഡ് രോഗികൾക്കും ഒരേ ചികിത്സയല്ല എന്ന് സാരം.

ഉദാഹരണത്തിന്, രോഗകാഠിന്യം കുറഞ്ഞവർക്ക് വീടുകളിൽത്തന്നെയുള്ള സെല്ഫ് ഐസൊലേഷനും ടെലി- മെഡിസിൻ വഴിയുള്ള ചികിത്സാ മേൽനോട്ടവും അതിനു സൗകര്യമില്ലാത്തവക്ക് എഫ്‌എൽടിസി  കളിലെ നിരീക്ഷണവും മാത്രം മതിയാകും. മറ്റു ചിലർക്ക് ആശുപത്രിയിൽ വിദഗ്ദ്ധരായ ചികിത്സകരുടെ മേൽനോട്ടത്തിലുള്ള നിരീക്ഷണവും, വേറെ ചിലർക്ക്പ ല വിധ മരുന്നുകൾ വഴിയുള്ള ചികിത്സയും വേണ്ടി വന്നേക്കാം.

ഒരു മരുന്ന് ചില രാജ്യങ്ങളിൽ പ്രയോഗിക്കുന്നു എന്നതു കൊണ്ടു മാത്രം അത് ഫലപ്രദം ആകണം എന്നില്ല. അംഗീകൃതമായ ചികിത്സകൾ കണ്ടെത്തുന്ന ഉടൻ തന്നെ IMA പോലെയുള്ള ഉത്തരവാദിത്വപ്പെട്ട ശാസ്ത്രീയ സംഘടനകളും ആരോഗ്യവകുപ്പും അത് സമൂഹത്തെ അറിയിക്കുന്നതായിരിക്കും.

ഓരോ പ്രദേശത്തും ഇടയ്ക്കിടയ്ക്ക് തരംഗങ്ങൾ ആയി വന്നും പോയും ഇരിക്കുന്ന ഒരു തരം വൈറസ് മൂലം ഉണ്ടാവുന്ന രോഗം ആണ് കോവിഡ്. നിർഭാഗ്യവശാൽ അതിനെ ചെറുത്തു നിൽക്കാനുള്ള നടപടികൾ നമുക്ക് അസൗകര്യം ഉണ്ടാക്കുന്നവയാണ്.

രോഗവ്യാപനം കൂടുതൽ ഉള്ള ഈ സമയത്ത് കൂട്ടം കൂടലുകൾ – അതേത് പേരിലായാലും – ഒഴിവാക്കുക തന്നെ വേണം, പ്രത്യേകിച്ചും indoor അല്ലെങ്കിൽ കെട്ടിടങ്ങൾക്കുള്ളിലുള്ള ചെറുതും വലുതുമായ സമ്മേളനങ്ങൾ.

ഏറെ പേർ ഉൾപ്പെടുന്ന മരണാനന്തര ചടങ്ങുകൾ, ആരാധന, വിവാഹം, ഉത്സവങ്ങൾ, കുടുംബ സംഗമങ്ങൾ, വിനോദയാത്രകൾ തുടങ്ങിയ എല്ലാ വിധ കൂട്ടംകൂടലുകളും രോഗവ്യാപന വേഗത കൂടും.

വാക്‌സിൻ രണ്ടു ഡോസും എടുത്തവരിൽ ഇന്നു വരെ തീവ്രമായ കോവിഡ് രോഗം വന്നതായോ, കോവിഡ് മൂലം മരണപ്പെട്ടതായോ അറിവില്ല. മറ്റുള്ളവരിൽ എന്നുള്ളതു പോലെ ഇവരിലും (വിരളമായി മാത്രം) ലക്ഷണമില്ലാത്ത, നിസ്സാരമായ വൈറസ് ബാധ ചിലപ്പോൾ ഉണ്ടായെന്നിരിക്കാം. ഇതിൽ അസ്വാഭാവികത ഇല്ല. അഥവാ വൈറസ് ബാധിച്ചാലും അത് ഗുരുതര രോഗം വരുത്താതെ വാക്സിനുകൾ നമുക്ക് പരിരക്ഷ നൽകുന്നു. വാക്‌സിൻ എടുത്തവരും അതിനാൽ മാസ്‌ക് ധരിക്കേണ്ടതാണ്.

ഇന്ന് നാം ഉത്തരവാദിത്വത്തോടു കൂടി ഒരുമിച്ചു നിന്ന് മാനദണ്ഡങ്ങൾ പാലിച്ചാൽ, വരും ആഴ്ചകളിൽ ആശുപത്രികൾ നിറഞ്ഞു കവിയുന്നത് തടയാം. മഹാരാഷ്‌ട്രയിൽ ഇന്നുണ്ടായ ലോക്‌ഡൗൺ ഒഴിവാക്കാം.

ആരോഗ്യ മേഖലയ്ക്ക് താങ്ങാവുന്നതിലും കൂടുതൽ ലോഡ് വന്നാൽ കോവിഡ് മരണ നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുണ്ട്. “ലാഗ് പീരീഡ് ” ഉള്ളതു കൊണ്ട്, ഇന്നത്തെ പ്രവർത്തനത്തിന്റെ “ഫലം” നാം അറിയുന്നത് കുറഞ്ഞത് രണ്ടാഴ്ച കഴിഞ്ഞായിരിക്കും.


No comments