JHL

JHL

കുമ്പളയിൽ മത്സ്യമാർഗറ്റ് നിർമ്മാണം പുരോഗമിക്കുന്നു; ശൗചാലയമടക്കമുള്ള വിശ്രമ കേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങി


കുമ്പള(www.truenewsmalayala.com) : പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി തീരാൻ ഇനി മാസങ്ങൾ അവശേഷിക്കെ ടൗണിലെ മൂന്ന് പ്രധാന വാഗ്ദാനങ്ങളിൽ രണ്ടെണ്ണം നടപ്പിലാക്കിയാണ് ഭരണസമിതി പടിയിറങ്ങുക.

 ഏറെ പ്രതീക്ഷ വെച്ച് പുലർത്തുന്ന മത്സ്യമാർഗറ്റ് നിർമ്മാണം പുരോഗമിക്കുന്നുണ്ട്.
 ഏകദേശം 60% ജോലികൾ പൂർത്തിയായിട്ടുണ്ട്. 

ഏറെക്കാലത്തെ മുറവിളിക്ക് ശേഷം നഗരമധ്യത്തിൽ ശൗചാലയം ഒരുങ്ങിക്കഴിഞ്ഞു.
ടൗണിന് സമീപം ബദിയടുക്കാ റോഡിൽ ശുചിമുറിയും, വിശ്രമകേന്ദ്രവും അടക്കമുള്ള കെട്ടിടമാണ് പണി പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുള്ളത്. 

എന്നാൽ ബസ്റ്റാൻഡ്- ഷോപ്പിംഗ് കോംപ്ലക്സിൽ മാത്രം ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു.ഈ ഭരണസമിതിക്കും  ബസ്റ്റാൻഡ് നിർമ്മാണ വാഗ്ദാനം നടപ്പിലാക്കാൻ കഴിയില്ലെന്ന് വേണം കരുതാൻ.

നേരത്തെയുള്ള നാല് ഭരണസമിതികൾക്കും ബസ്റ്റാൻഡ് വിഷയത്തിൽ വാഗ്ദാനം നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.ഇത് ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

 കുമ്പളയിൽ ഒരുങ്ങുന്ന വഴിയോര വിശ്രമ കേന്ദ്രം 43 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.യാത്രക്കാരായ സ്ത്രീകൾക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിൽ സ്ത്രീകൾക്ക് മുലയൂട്ടൽ സൗകര്യവുമുണ്ട്.
ഇതിന് പുറമെ കോഫി ഷോപ്പുമുണ്ടാകും.

 പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണ് സ്ഥലം. പ്രത്യേക അനുമതി വാങ്ങിയാണ് കുമ്പള ഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

 തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഹാബിറ്റാറ്റ് " ഏജൻസിക്കായിരുന്നു നിർമ്മാണ ചുമതല. അവസാന മിനുക്ക് പണികളായാൽ കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

 ആധുനിക രീതിയിലുള്ള മത്സ്യമാർഗറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്. ഇറച്ചി വില്പനയ്ക്കും പച്ചക്കറിക്കും കേന്ദ്രത്തിൽ സൗകര്യം ഒരുക്കുന്ന വിധത്തിലാണ് നിർമ്മാണം.

ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഒരുകോടി 12 ലക്ഷം രൂപ ചെലവിൽ മത്സ്യമാർഗറ്റ് നിർമ്മിക്കുന്നത്. ദ്രുതഗതിയിൽ നടന്നു വരുന്ന കെട്ടിട നിർമ്മാണം ഭരണസമിതിയുടെ കാലാവധി തീരുന്നതിനുമുമ്പ് തുറന്നു കൊടുക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്.

നിലവിൽ ശോചനീയാവസ്ഥയിൽ ഉണ്ടായിരുന്നു പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് എല്ലാവിധ സൗകര്യങ്ങളോടു കൂടിയുള്ള ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മിക്കുന്നത്. 

മത്സ്യമാർക്കറ്റില്ലാത്തത് മൂലം  കുമ്പളയിൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലെ മത്സ്യ വില്പന പഞ്ചായത്ത് ഭരണസമിതിക്ക് ഏറെ വിമർശനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.

ഈ വിഷയത്തിൽ മത്സ്യ വില്പന തൊഴിലാളികളും, വ്യാപാരികളും ഇടയ്ക്കിടെ കൊമ്പ് കോർക്കാറുമുണ്ട്. വിഷയത്തിൽ ഡിജിപി വരെയുള്ള ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.

കെട്ടിടം പൂർത്തിയാകുന്നതോടെ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



No comments