തേങ്ങയുടെ വില സർവ്വകാല റെക്കോർഡിലേക്ക്; തേങ്ങയില്ലാത്തത് കർഷകർക്ക് നിരാശ
കാസറഗോഡ്(www.truenewsmalayalam.com) : പച്ച തേങ്ങയുടെയും, കൊപ്രയുടെയും വില സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുമ്പോഴും ജില്ലയിലെ കേര കർഷകർ നിരാശയിൽ.
തെങ്ങുകളിലുണ്ടാവുന്ന അജ്ഞാതരോഗവും, കാലാവസ്ഥ വ്യതിയാനമടക്കമുള്ള കാരണങ്ങളാണ് തേങ്ങയുടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതെന്ന് കർഷകർ പറയുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് സാമാന്യം നല്ല വില ലഭിക്കുമ്പോൾ തെങ്ങുകളിൽ തേങ്ങയില്ലെന്ന് കർഷകർ പറയുന്നു. ഇത് ഈ മേഖലയിലെ കച്ചവടക്കാരെയും തൊഴിലാളികളെയും എല്ലാം ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പച്ചത്തേങ്ങയുടെ ഇന്നത്തെ വില 50 മുതൽ 51 രൂപ വരെയാണെങ്കിൽ ഉണ്ട കൊപ്രയുടെ വില 140 ൽ കൂടുതലാണ്. ഇത് ഇന്നേവരെയുള്ള വിലയിലുണ്ടായ സർവ്വകാല റെക്കോർഡാണ്.
2017 ലാണ് നേരത്തെ പച്ച തേങ്ങയ്ക്ക് വിലകൂടിയ സമയം. അന്ന് വില 43 രൂപ വരെ എത്തിയിരുന്നു. ആ വിലകയറ്റം കുറച്ചു മാസമേ നിലനിന്നിരുന്നുള്ളൂ. 2021 ലാണ് വിലകുത്തനെ ഇടിഞ്ഞത്. അന്നത്തെ വില 20 ലേക്ക് എത്തി. ഇത് കേര കർഷകരെ ഏറെ നിരാശയിലാക്കിയിരുന്നു.
ചില സീസൺ സമയങ്ങളിലാണ് നാളികേര വിലയിൽ മാറ്റങ്ങൾ ഉണ്ടാവുന്നത്. വെളിച്ചെണ്ണയുടെ ഡിമാൻഡ് മുന്നിൽ കണ്ടുകൊണ്ട് വില കുത്തനെ കൂടും.ഓണ സീസണിലാണ് ഇത് ഏറെ പ്രതിഫലിക്കുന്നത്. അതേപോലെ നവരാത്രി ആഘോഷങ്ങൾക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയതോതിൽ തേങ്ങ കയറ്റി അയക്കുന്നതും ആ സമയങ്ങളിൽ വില കൂടാൻ കാരണമാവുന്നുണ്ട്.
ഇന്നിപ്പോൾ ശബരിമല സീസൺ മുന്നിൽ കണ്ടു കൊണ്ടാണ് വിലകയറ്റത്തിന് കാരണമായിരിക്കുന്നത്. വെളിച്ചെണ്ണയുടെയും വില കൂടിയിട്ടുണ്ട്.
അതിനിടെ കേന്ദ്രസർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നികുതി വർധിപ്പിക്കുന്നതിനനുസരിച്ച് തേങ്ങയുടെ വില കൂടുന്നത് പലപ്പോഴും കേരകർഷകർക്ക് അനുഗ്രഹമാകുന്നുമുണ്ട്.
ജില്ലയിലെ കേര കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടലും, പരിശോധനയും ആവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ സിപിസിആർഐ പ്രിൻസിപ്പൽ സൈന്റിസ്റ്റ് ഷംസുദ്ദീൻ മൊഗ്രാൽ മുഖേന ഡയറക്ടർ കെബി ഹെബ്ബാറിന് നിവേദനം നൽകിയിട്ടുണ്ട്.
Post a Comment