കുമ്പള കഞ്ചിക്കട്ടപാലം പുനർനിർമ്മാണം വേഗത്തിലാക്കണം; ആദി ദളിത് മുന്നേറ്റ സമിതി
കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കട്ട-കൊടിയമ്മ പാലം വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ച് വർഷം ഒന്ന് പിന്നിട്ടിട്ടും പുനർനിർമ്മാണം വൈകുന്നതിൽ പ്രതിഷേധവുമായി ജില്ലാ ആദി ദളിത് മുന്നേറ്റ സമിതി രംഗത്ത്.
2023 ഡിസംബർ മാസമായിരുന്നു അപകടാവസ്ഥയിലായ പാലം ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ
അടച്ചിടാൻ ഉത്തരവിറക്കിയത്. എന്നിട്ടും പുനർനിർമ്മാണ കാര്യത്തിൽ അനശ്ചിതത്വം നിലനിൽക്കുന്നു.
കഞ്ചിക്കട്ട പാലത്തിന്റെ ദുരവസ്ഥയും കാലപ്പഴക്കവും നാട്ടുകാർ ചൂണ്ടിക്കാട്ടാൻ തുടങ്ങിയിട്ട് വർഷങ്ങളുടെ പഴക്കമുണ്ട്.പാലം പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കലക്ടറേറ്റിന് മുന്നിൽ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.എകെ എം അഷ്റഫ് എംഎൽഎ വിഷയം നിയമസഭയിൽ പോലും ചൂണ്ടിക്കാട്ടി സംസാരിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പിഡബ്ല്യുഡി-ജലസേചന വകുപ്പുതല ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു സത്യാവസ്ഥ മനസ്സിലാക്കി റിപ്പോർട്ടും നൽകി. ഇതുകൊണ്ടൊന്നും പുനർനിർമാണത്തിന് പുരോഗതി ഉണ്ടായില്ലെന്ന് ആദി ദളിത് മുന്നേറ്റ സമിതി ജില്ലാ പ്രസിഡണ്ട് ചന്ദ്രശേഖർ പികെ പറഞ്ഞു.
നേരത്തെ പാലം വഴി നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ,സ്കൂൾ ബസ്സുകളും ഇതുവഴി പോകാറുണ്ടായിരുന്നു. പാലത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കിയാണ് കഴിഞ്ഞ വർഷം പാലം അടച്ചിടാൻ കലക്ടർ ഉത്തരവ് ഇറക്കിയത്.പാലം അടച്ചിടുമ്പോൾ പകരം സംവിധാനം ഒരുക്കിയിരുന്നില്ല.
അതിനാൽ പാലം ഉപയോഗപ്പെടുത്തിയിരുന്നആറോളം പ്രദേശങ്ങളിലെ ജനങ്ങൾക്ക് കുമ്പള ടൗണിലേക്കും, സ്കൂളിലേക്കും എളുപ്പത്തിൽ എത്തിച്ചേരേണ്ട വഴിയാണ് അടഞ്ഞത്.ഇത് മൂലം വിദ്യാർത്ഥികൾ അടക്കമുള്ള നാട്ടുകാർക്ക് ഏറെ പ്രയാസവും, സമയനഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്.
1972 ൽ സ്ഥാപിച്ചതാണ് പ്രസ്തുത പാലം. അരനൂറ്റാണ്ട് പഴക്കമുണ്ട്.ഗതാഗത സൗകര്യത്തിന് പുറമെ വേനൽക്കാലത്ത് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറാതിരിക്കാനും, കർഷകർക്ക് കൃഷിക്ക് വേണ്ടി വെള്ളം സംഭരിക്കാനുള്ള ആവശ്യത്തിനായിരുന്നു വിസിബി സംവിധാനത്തോടെ പാലം നിർമ്മിച്ചത്.നേരത്തെ ഇതിലൂടെ ബസ് സർവീസുകളും ഉണ്ടായിരുന്നുവെന്ന് ആദി ദളിത് മുന്നേറ്റ സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.
വിഷയത്തിൽ യുദ്ധകാലാ ടിസ്ഥാനത്തിൽ പാലത്തിന്റെ പുനർനിർമാണം വിസിബി സംവിധാനത്തോടെ തന്നെ നടത്തണമെന്നും, നാട്ടുകാരുടെയും, കർഷകരുടെയും ആശങ്കയ്ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക്
ആദി ദളിത് മുന്നേറ്റ ഘടകം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ചന്ദ്രശേഖര പികെ നിവേദനം നൽകി.നേരത്തെ ചന്ദ്രശേഖരൻ പികെ താലൂക്ക് തല അദാലത്തിലും നിവേദനം നൽകിയിരുന്നു.
Post a Comment