JHL

JHL

മാനവ സൗഹാർദ്ദ സംഗീത യാത്ര; മൊഗ്രാലിൽ വിദ്യാർത്ഥികളുടെ കൂടെ ആടിപ്പാടി ഗായകസംഘം, ഇശൽ ഗ്രാമത്തിലെ സ്വീകരണം വേറിട്ടതായി


മൊഗ്രാൽ(www.truenewsmalayalam.com) : കേരള കലാ കൂട്ടായ്മ ജില്ലയിൽ സംഘടിപ്പിച്ചു വരുന്ന മാനവസൗഹാർദ്ദ സ്നേഹ സംഗീത യാത്രയ്ക്ക് മൊഗ്രാൽ ഇശൽ ഗ്രാമം ജിവിഎച്ച് എസ്എസ് ൽ  ഒരുക്കിയ സ്വീകരണ പരിപാടി വേറിട്ടതായി.

 ആയിരത്തോളം വരുന്ന വിദ്യാർത്ഥികളെ ആവേശം കൊള്ളിച്ചായിരുന്നു ഗായക സംഘത്തിന്റെ സംഗീത നിശ. പാട്ടിനൊപ്പം കുട്ടികൾ നൃത്തം വെച്ചപ്പോൾ ഗായകർ വിദ്യാർത്ഥികൾക്കൊപ്പം ചേർന്ന് ആടിപ്പാടി രസിച്ചു.

പ്രോഗ്രാം ഡയറക്ടറും, ഇശൽ ഗ്രാമത്തിലെ അനുഗ്രഹീത കലാകാരനുമായ ഇഎം ഇബ്രാഹിം മൊഗ്രാൽ, ജാഥാ ക്യാപ്റ്റൻ ഫിറോസ് ബാബു, സിനിമാ പിന്നണിഗായകൻ മുന്നാ മുജീബ്,എംഎ ഗഫൂർ എടവണ്ണ, ഫാത്തിമ തുടങ്ങിയ 20ൽ പരം കലാകാരന്മാർ സംഗീത യാത്രയിൽ അണിനിരക്കുന്നുണ്ട്.

 മൊഗ്രാൽ  ജിവിഎച്ച്എസ്എസ്- പിടിഎ,-എസ്എംസി കമ്മിറ്റികളാണ് സംഗീത യാത്രയ്ക്ക് ഇശൽ ഗ്രാമത്തിൽ സ്വീകരണം ഒരുക്കിയത്. മർഹൂം"പിബി അബ്ദുൽ റസാക്ക്'' പവലിയനിലായിരുന്നു സ്വീകരണ പരിപാടി.

സ്കൂൾ ഹെഡ്മാസ്റ്റർ കെ സുകുമാരൻ സ്വാഗത ഗാനം ആലപിച്ചു.
പിടിഎ പ്രസിഡണ്ട് അഷ്റഫ് പെർവാഡ് ,വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ, പിടിഎ എസ്എംസി അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ സംബന്ധിച്ചു.
സ്റ്റാഫ് സെക്രട്ടറി തസ്‌നി ടീച്ചർ നന്ദി പറഞ്ഞു.

 അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുക, വളർന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, ജനങ്ങൾക്കിടയിൽ മാനവ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യവുമായാണ് കേരള കലാ കൂട്ടായ്മ സ്നേഹ സംഗീത യാത്ര ജില്ലയിൽ സംഘടിപ്പിച്ചു വരുന്നത്.

 25ന് നെല്ലിക്കട്ടയിൽ സമാപന സമ്മേളനം നടക്കും.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.


No comments