ആഘോഷങ്ങളിലെ വെടിക്കെട്ട് മാനദണ്ഡം; ഹൈക്കോടതി നിർദേശം ആഘോഷങ്ങളുടെ പൊലിമ കുറക്കുമെന്ന് ആശങ്ക
![]() |
കുമ്പള കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം |
കുമ്പള(www.truenewsmalayalam.com) : ആരാധനാലയങ്ങളിലെ ആഘോഷങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിനുള്ള ഹൈക്കോടതിയുടെ മാനദണ്ഡങ്ങൾ ആഘോഷങ്ങളുടെ പൊലിമ കുറച്ചേക്കുമെന്ന് സംഘാടകർക്ക് ആശങ്ക.
നേരത്തെ നിരവധി ആരാധനാലയങ്ങൾ വെടിക്കെട്ടിനുള്ള അനുമതി കോടതി മുഖേന തേടിയെങ്കിലും കോടതിയിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലെ വേല ഉത്സവത്തിന്റെ ഭാഗമായി തെക്കിൻകാട് മൈതാനത്ത് വെടിക്കെട്ട് നടത്താൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്യങ്ങൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കാൻ ഹൈക്കോടതി എഡിഎമ്മിന് നിർദ്ദേശം നൽകിയിരുന്നു. ഇവിടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെതിരെ ഇരു ദേവസ്യങ്ങളും നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.
സർക്കാരിനാകട്ടെ ഈ വിഷയത്തിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനും കഴിയില്ല.സർക്കാർ പരിപാടികൾക്കു പോലും ഇതേ മാനദണ്ഡമാണെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്.
ടൂറിസം പരിപാടികൾക്ക് പോലും വെടിക്കെട്ടില്ലാതെ ആഘോഷിക്കാനാ വില്ലെങ്കിലും കോടതി ഉത്തരവ് ലംഘിക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ കോടതിലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന ഭയം സർക്കാറിനുണ്ട്. കഴിഞ്ഞ ന്യൂ ഇയർ ആഘോഷങ്ങൾക്കും എവിടെയും കാര്യമായ വെടിക്കെട്ടുകൾ ഉണ്ടായിട്ടുമില്ല.
ജനുവരിയിൽ വിവിധ സ്ഥലങ്ങളിലായി ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ നടക്കാനുണ്ട്. വെടിക്കെട്ടില്ലാത്തതിനാൽ ആഘോഷത്തിന്റെ പൊലിമ കുറയുമെന്ന് സംഘാടകർ തന്നെ പറയുന്നു.
കുമ്പളയിൽ കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം നടക്കുന്നത് തന്നെ "കുമ്പള വെടിക്കെട്ട്'' ഉത്സവം എന്ന പേരിലാണ്.ജനുവരി മൂന്നാം വാരത്തിലാണ് ക്ഷേത്രോത്സവം. ഇവിടെയും സംഘാടകർ കോടതിയെ സമീപിക്കാനിടയുണ്ട്. തൃശ്ശൂർ വടക്കനാഥ ക്ഷേത്രത്തിലെ തീരുമാനങ്ങൾക്ക് കാത്തിരിക്കുകയാണ് സംഘാടകർ.
അതേസമയം കേന്ദ്രസർക്കാർ 2024 ഒക്ടോബർ 11ന് പുറത്തിറക്കിയ വിജ്ഞാനപ്രകാരമുള്ള വെടിക്കെട്ട് നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്താനാവുമോ എന്നത് വിവിധ ആരാധനാലയങ്ങളിലെ സംഘാടകർ പരിശോധിച്ചു വരികയാണ്.
ഫയർ വർക്ക് ഡിസ്പ്ലേ ഓപ്പറേറ്റർ, ഫയർ വർക്ക്സ് അസിസ്റ്റന്റ് എന്നിവർക്ക് കൺട്രോളർ ഓഫ് എക്സ്ഫ്ലോസീവ്സ് നൽകുന്ന സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാൽ വെടിക്കെട്ടിനുള്ള അനുമതി ലഭിക്കും.
ഇത്തരത്തിൽ നിയമ നടപടികളും, കോടതി മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന വെടിക്കെട്ടുകൾക്ക് ജില്ലാ കലക്ടർമാരാണ് അനുമതി നൽകേണ്ടത്. അപേക്ഷകളൊക്കെ പൂർണ്ണമായ പരിശോധനകൾക്ക് വിധേയമായിട്ടായിരിക്കും അനുമതി നൽകുക.അല്ലാതെ നടത്തുന്ന എല്ലാ ആഘോഷ പരിപാടികളെയും നിരീക്ഷിച്ചുവരികയാണ് ജില്ല ഭരണകൂടം.
Post a Comment