കൊപ്പളം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണം
മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാൽ കൊപ്പളം ജുമാ മസ്ജിദിന് സമീപം സിറാജുൽ ഉലൂം മദ്രസ പരിസരത്ത് കഴിഞ്ഞ മൂന്ന് വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആയുഷ്മാൻ ആരോഗ്യ കേന്ദ്രത്തിൽ(ജനകീയ ആരോഗ്യ കേന്ദ്രം) സ്ഥിരമായി ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് വാർഡ് മെമ്പർ കൗലത്ത് ബീബി ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ ആരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കായുള്ള കുത്തിവെപ്പ് മാത്രമാണ് നടക്കുന്നത്.അടച്ചിട്ട റെയിൽപാത മറികടന്നും, ദേശീയപാത വികസനത്തെ തുടർന്നും കുമ്പളയിലെ സർക്കാർ ആശുപത്രിയിൽ എത്താൻ തീരപ്രദേശത്തെ വയോജനങ്ങൾക്കും, കുട്ടികൾക്കും ഏറെ പ്രയാസമാവുന്നുണ്ട്. വരാനിരിക്കുന്ന നാലുവരിപ്പാത റെയിൽവേ വികസനത്തിൽ പ്രദേശവാസികൾ ഏറെ ആശങ്കയിലുമാണ്.
റെയിൽവേ-ദേശീയപാത വികസനം തീരപ്രദേശത്ത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് ഏറെ വെല്ലുവിളികളും നേരിടുന്നുണ്ട്.ഇത് നേരത്തെ ജനപ്രതിനിധികളെയും മറ്റും ഉണർത്തിയതുമാണ്.
ഒരു പനിയോ മറ്റോ വന്നാൽ കുമ്പള സിഎച്ച്സി യെയാണ് മൊഗ്രാൽ തീരത്തെ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള തീരദേശവാസികൾ ആശ്രയിക്കുന്നത്. ഇവിടെനിന്ന് കുമ്പള എത്തിപ്പെടണമെങ്കിൽ ഓട്ടോ പിടിച്ച് വലിയ വാടക കൊടുത്തു വേണം ആശുപത്രിയിൽ പോകാൻ.ഇത് സാധാരണക്കാരായ തീരവാസികൾക്ക് ഏറെ ബാധ്യത ഉണ്ടാക്കുന്നുമുണ്ട്.
അതുകൊണ്ടുതന്നെ കൊപ്പളം ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറുടെ സേവനം ദിവസവും ലഭ്യമാക്കണമെന്ന് വാർഡ് മെമ്പർ കൗലത്ത് ബീബി പഞ്ചായത്ത് മുഖേന ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് നേരത്തെ വാർഡ് മെമ്പർ അദാലത്തിലും നിവേദനം നൽകിയിരുന്നു. ഈ വിഷയത്തിൽ കൊപ്പളം സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി നേരത്തെ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫിനും നിവേദനം നൽകിയിരുന്നു.
Post a Comment