JHL

JHL

പാതിവഴിയിലാക്കി സർക്കാർ ഉപേക്ഷിച്ച യക്ഷഗാന കലാക്ഷേത്രം പുനസ്ഥാപിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി


കുമ്പള(www.truenewsmalayalam.com) : തുളു നാടിന്റെ ഏറ്റവും വലിയ കലാരൂപമായ യക്ഷഗാനത്തെയും,യ ക്ഷഗാന കുലപതി പാർഥി സുബ്ബനെയും സർക്കാർ തുടങ്ങിവച്ച കെട്ടിടം പാതിവഴിയിലാക്കി വർഷങ്ങളായി അവഹേളിക്കുകയാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്-ഐ കുമ്പള മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി ആരോപിച്ചു.

ഇത് യക്ഷഗാന കലാകാരന്മാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.വിഷയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏറ്റെടുത്ത് പദ്ധതി പൂർത്തീകരണത്തിനായി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും രവി പൂജാരി മുന്നറിയിപ്പ് നൽകി.ഇത് സംബന്ധിച്ച് നേരത്തെ സാംസ്കാരിക വകുപ്പിന് താലൂക്ക് തല അദാലത്തിൽ രവി പൂജാരി പരാതിയും നൽകിയിരുന്നു.

 കുമ്പള മുജുംഗാവിൽ 2019 നിർമ്മാണം ആരംഭിച്ച യക്ഷഗാന കലാക്ഷേത്ര കെട്ടിടമാണ്  പാതിവഴിയിൽ ഉപേക്ഷിച്ച് ഇപ്പോൾ കാടുമുടി നശിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇത് സാമൂഹിക ദ്രോഹികളുടെ ഒളിത്താവളവുമായിട്ടുണ്ട്.

തുളുനാട് വലിയ ആദരവ് നൽകുന്ന കലാരൂപമാണ് യക്ഷഗാനം.ഇതിന്റെ സംരക്ഷണത്തിനായി കൊണ്ടുവന്ന പദ്ധതിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ കലാകാരന്മാർക്കിടയിൽ വലിയ വിഷമമുണ്ട്.ഇത് ബന്ധപ്പെട്ടവരെ കോൺഗ്രസ് അറിയിക്കും. 

കഴിഞ്ഞവർഷത്തെ വാർഷിക പദ്ധതിയിൽ പുനർനിർമ്മാണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നുവെന്ന് പറഞ്ഞുകേട്ടിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.ഫണ്ട് വക മാറി ചെലവഴിച്ചോ എന്നതും പരിശോധിക്കേണ്ടതാണ്. ഈ ആവശ്യങ്ങൾ ഉയർത്തി കോൺഗ്രസ് പ്രക്ഷോഭത്തിനിറങ്ങും.

 പദ്ധതി പൂർത്തീകരണത്തിന് വേണ്ട അടിയന്തിര  നടപടി  സ്വീകരിക്കണമെന്ന് കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി ആവശ്യപ്പെട്ടു.


No comments