മൊഗ്രാലിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം; രണ്ട് ആടുകളെ കടിച്ച് കൊന്നു
മൊഗ്രാൽ(www.truenewsmalayalam.com) : ഒരിടവേളയ്ക്ക് ശേഷം മൊഗ്രാലിൽ വീണ്ടും നായക്കൂട്ടങ്ങളുടെ വിളയാട്ടം.മൊഗ്രാൽ മീലാദ് നഗറിലെ ബിഎ ബി ഫാത്തിമയുടെ രണ്ട് ആടുകളെ കൂട്ടമായി എത്തിയ നായ്ക്കൂട്ടം കഴിഞ്ഞ ദിവസം കടിച്ചുകൊന്നു.
ഇത് നാട്ടുകാരെ പരിഭ്രാന്തിയിലാ ക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം മൊഗ്രാലിൽ മാത്രം 25 ആടുകളെയാണ് വിവിധ സ്ഥലങ്ങളിലായി നായ്ക്കൾ കടിച്ചു കൊന്നത്.
മൊഗ്രാലിൽ വിവിധ പ്രദേശങ്ങളിൽ നായയുടെ ശല്യം രൂക്ഷമാണ്.വിഷയം നാട്ടുകാർ ജനപ്രതിനിധികളെ അറിയിക്കാറുണ്ട്. നായ്ക്കൂട്ടങ്ങളെ പിടിച്ചു കെട്ടാൻ കുമ്പള ഗ്രാമപഞ്ചായത്തിൽ ഇതുവരെ സംവിധാനമൊരുക്കിയിട്ടുമില്ല.
നാടും നഗരവും കയ്യടക്കുകയാണ് ഇന്നിപ്പോൾ നായ്ക്കൂട്ടങ്ങൾ.ജില്ലയിൽ സർക്കാർ സ്ഥാപനങ്ങളിലടക്കം നായ ശല്യം രൂക്ഷമായതോടെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ അദാലത്തിൽ പോലും മൊഗ്രാൽ ദേശീയവേദി പരാതി നൽകിയിട്ടും അധികൃതർക്ക് കുലുക്കമില്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇതിനായുള്ള എബിസി കേന്ദ്രങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്താൻ ജില്ലാ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിരുന്നു.
ദിവസം കൂടുന്തോറും പെറ്റു പെരുകി നാട് മുഴുവൻ തെരുവ് നായ്ക്കളുടെ പിടിയിലമരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.ഓരോ സ്ഥലത്തും പത്തും അതിൽ അധികവുമാണ് നായ്ക്കൂട്ടങ്ങളുടെ വിളയാട്ടം.
എബിസി കേന്ദ്രങ്ങൾ ജില്ലയിൽ എവിടെയും ഇതുവരെ പ്രാബല്യത്തിൽ വരാത്തത് നാട്ടുകാർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.ചിലയിടങ്ങളിൽ നിർമ്മാണം പുരോഗമിക്കുന്നതായും പറയുന്നുണ്ട്.ഈ വിഷയത്തിൽ കോടതി നിർദ്ദേശിച്ച കാര്യങ്ങളൊക്കെ ഇപ്പോൾ വെറുതെയായ മട്ടിലാണ്.
നായ്ക്കൂട്ടങ്ങളെ ഏറ്റവും ഭയപ്പെടുന്നത് അതിരാവിലെ മദ്രസയിലേക്കും, സ്കൂളിലേക്കും പോകുന്ന കുട്ടികളാണ്.എല്ലാ സ്ഥലങ്ങളിലും തമ്പടിക്കുന്ന നായ്ക്കൂട്ടങ്ങൾ ജനങ്ങൾക്ക് മൊത്തത്തിൽ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
വന്ധ്യവൽക്കരണവും, പ്രതിരോധ കുത്തിവെപ്പുമൊന്നും പരിഹാരമാർഗ്ഗമല്ലെന്ന് നാട്ടുകാർ പറയുന്നു. എന്തെങ്കിലും ചെയ്തുവെന്ന് ഒരുത്തി തീർക്കാനുള്ള നടപടി മാത്രമാണിതെന്നും ആക്ഷേപമുണ്ട്.
ആത്മാർത്ഥമായ ശ്രമമെന്ന നിലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, മൃഗസംരക്ഷണ വകുപ്പും ചേർന്ന് നായ്ക്കൾക്ക് അഭയകേന്ദ്രം എത്രയും പെട്ടെന്ന് ഒരുക്കുകയാണ് വേണ്ടതെന്നും നാട്ടുകാർ പറയുന്നു.
റോഡിൽ തലങ്ങും വിലങ്ങും ഓടുന്ന നായ്ക്കൂട്ടങ്ങൾ ഇരുചക്രവാഹനക്കാർക്കും ഏറെ ഭീഷണിയാവുന്നുണ്ട്. ഇരുചക്രവാഹനക്കാരെ നായ്ക്കൂട്ടങ്ങൾ വളഞ്ഞ് ആക്രമിക്കുകയാണ്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ട് ഗുരുതരമായ പരിക്കുകളാണ് യാത്രക്കാർക്ക് ഏൽക്കുന്നത്. അക്രമകാരികളായ നായ്ക്കളെ കൊല്ലാമെന്ന് കോടതി പറഞ്ഞിട്ടും അതിനും നടപടി സ്വീകരിക്കാൻ അധികൃതക്കാവുന്നില്ല.
ഈയടുത്തിടെയാണ് ഒരു വയോധികയെ നായ്ക്കൂട്ടങ്ങൾ വളഞ്ഞിട്ട് കടിച്ച് കൊന്നുകളഞ്ഞത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നായ്ക്കൂട്ടങ്ങളുടെ പരാക്രമം കൂടിവരികയാണെന്ന് നാട്ടുകാർ പറയുന്നു. മഞ്ചേശ്വരം,കുമ്പള, മൊഗ്രാൽ,കാസറഗോഡ്, കാഞ്ഞങ്ങാട് ടൗൺ എന്നിവിടങ്ങളിലൊക്കെ നായ്ക്കളുടെ പരാക്രമമുണ്ട്.
നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണവും ജില്ലയിൽ കൂടി വരികയാണ്.ജില്ലയിൽ ഇതിനുവേണ്ട ചികിത്സാരംഗത്തെ അഭാവവും നായ കടിയേൽക്കുന്നവർക്ക് ദുരിതമാകുന്നുമുണ്ട്.
Post a Comment