JHL

JHL

തല അറ്റു പോകുന്നതിൽ പരിശോധനയും നടപടികളൊന്നുമില്ല; കേരകർഷകരുടെ ആശങ്കയകറ്റാൻ കൃഷിവകുപ്പിന് സമയമില്ലെ..?


കാസറഗോഡ്(www.truenewsmalayalam.com) : നാളികേര കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും, പരിഹരിക്കാനും കൃഷിവകുപ്പിന് സമയമില്ലെ..?ചോദിക്കുന്നത് ജില്ലയിലെ കേര കർഷകർ തന്നെ. തെങ്ങുകൾ  വ്യാപകമായി ഉണങ്ങുകയും,തല അറ്റു പോവുകയും ചെയ്യുന്നത് ജില്ലയിൽ വ്യാപകമാണ്.

എന്നിട്ടും ഒന്ന് തിരിഞ്ഞു നോക്കാനും,എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അന്വേഷിക്കാനും, പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും കൃഷിവകുപ്പിൽ ആരുമില്ലേ എന്നാണ് കേര കർഷകർ ആരായുന്നത്.

 അന്യം നിന്നു പോകുന്ന ജില്ലയിലെ കൃഷി രീതികളിൽ അവശേഷിക്കുന്ന കൃഷികളിൽ ഒന്നാണ് നാളികേരം.വലിയ മുതൽ മുടക്കില്ലാതെയും നാളികേരം ലഭിക്കുമെന്നതാണ് ഈ കൃഷിയുടെ പ്രത്യേകതയും. പിന്നെയുള്ളത് കവുങ്ങും, നെൽകൃഷിയുമാണ്. 

കാസർഗോഡ്, മഞ്ചേശ്വരം പ്രദേശങ്ങളിലാണ് ഏറെയും നാളികേര കർഷകരാനുള്ളത്. അതിർത്തി പഞ്ചായത്തുകളില ടക്കം ഇവിടെ തെങ്ങിന്റെ അജ്ഞാതരോഗം റിപ്പോർട്ട് ചെയ്തിട്ട് മാസങ്ങൾ ഏറെയായി. നേരത്തെ ഒന്നോ രണ്ടോ തെങ്ങുകളിലാ ണ് ഇങ്ങനെ കാണപ്പെട്ടതെങ്കിൽ പതിയെ പതിയെ കൂടുതൽ തെങ്ങുകളിലേക്ക് ഈ രോഗം വ്യാപിച്ചു.

 ബദിയടുക്ക, എണ്മകജെ,പുത്തിഗെ, കുമ്പള,മൊഗ്രാൽ, മൊഗ്രാൽപുത്തൂർ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ ഇത്തരത്തിൽ തല അ റ്റുപോകുന്ന തെങ്ങുകളുടെ എണ്ണം നാൽക്കുനാൾ വർധിപ്പിച്ചു വരുകയാണ്.

 നാളികേരത്തിന് നല്ല വില ലഭിക്കുമ്പോഴാണ് ഇതിന്റെ പ്രയാസം കർഷകർ അറിയുന്നത്. നാളികേരം മാത്രം ആശ്രയിച്ച് അത് പറിച്ചുവിറ്റ് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന കർഷകർ ജില്ലയിലെ അതിർത്തി പഞ്ചായത്തുകളിലുണ്ട്. ഇവിടങ്ങളിലാണ് രോഗം ഏറെയും ബാധിച്ചിട്ടുള്ളതും.

 കർഷകർ തന്നെയാണ് ഇതിനെ അജ്ഞാത രോഗമെന്നും,ചൂട് അസഹ്യാവസ്ഥയിലാണ് (കാലാവസ്ഥ വ്യതിയാനം) ഇങ്ങനെ സംഭവിക്കുന്നതെന്നും പറയുന്നത്.

എന്നാൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിക്കുന്നുമില്ല. അവർ വരുന്നുമില്ല. രോഗ പ്രതിരോധ മാർഗങ്ങളെ കുറിച്ച് ശരിയായ രീതിയിൽ അവബോധം ലഭിക്കാത്തതാണ് തെങ്ങുകളുടെ നശീകരണത്തിന് കാരണമെന്ന് കർഷകർ തന്നെ പറയുന്നുണ്ട്.

 മൊഗ്രാൽപുത്തൂർ, മൊഗ്രാൽ കടപ്പുറം ഭാഗങ്ങളിലും ഇത്തരത്തിൽ തെങ്ങുകളുടെ തല അറ്റ് പോയിക്കൊണ്ടിരിക്കുന്ന കാഴ്ച കാണാൻ സാധിക്കും.രോഗ വ്യാപനത്തെക്കുറിച്ച് കൃഷിവകുപ്പ് സമഗ്രമായ പഠനവും, പരിഹാര നിർദ്ദേശവും നൽകണമെന്നാണ് കേര കർഷകരുടെ ആവശ്യം.

അതേസമയം അതിർത്തി ഗ്രാമങ്ങളിലെ അടക്ക കർഷകരുടെ പരാതിയിൽ അടക്ക കൊഴിഞ്ഞുപോകും, ചീഞ്ഞളിഞ്ഞ് കവുങ്ങ് നശിക്കുന്നതും ശ്രദ്ധയിൽപ്പെട്ട കാസറഗോഡ് സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപിസിആർഐ) പരിഹാരമാർഗങ്ങൾ പുറത്തിറക്കി കർഷകരെ സഹായിച്ചിരുന്നു. 

നാളികേര കർഷകരും ഇത്തരത്തിൽ സഹായം തേടണമെ ന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.ഈ വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം അഞ്ചിന് സിപിസി ആർഐയിൽ നടക്കുന്ന ദേശീയ കാർഷിക സെമിനാറിൽ ഇടപെടൽ ആവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി കത്ത് നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.


No comments