മൊഗ്രാലിൽ പിടിവിടാതെ മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി മൊഗ്രാൽ ദേശീയവേദി
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിൽ പിടിവിടാതെ ഇടയ്ക്കിടെ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്നതിൽ നാട്ടുകാരിൽ ആശങ്ക.മൊഗ്രാൽ നാങ്കി റോഡിന് സമീപത്തുള്ള പത്തോളം പേർക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉള്ളതായാണ് വിവരം.
ഇതേത്തുടർന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.ഒരു വീട്ടിലെ തന്നെ അഞ്ചോളം പേർക്ക് മഞ്ഞപ്പിത്തം ഉള്ളതായും പറയപ്പെടുന്നുണ്ട്.
ഏതാനും മാസങ്ങൾക്കു മുമ്പ് മീലാദ് നഗറിലും, മുഹിയുദ്ദീൻ ജുമാ മസ്ജിദ് പരിസരത്തും ഇതുപോലെ പത്തോളം പേരിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ഇത്തരത്തിൽ പിടിപെടാതെ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യത്തിന്റെ പരിശോധനയും, പ്രതിരോധമാർഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണവും വേണമെന്ന് മൊഗ്രാൽ ദേശീയവേദി ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ലയിൽ മുണ്ടിനീര് വ്യാപിക്കുന്നതിലും ജനങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. പനി,ചുമ,കഫക്കെട്ട് എന്നീ രോഗങ്ങളിൽ ആശുപത്രികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം രോഗത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്.
എന്നാൽ സർക്കാർ ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാരുടെയും, ജീവനക്കാരുടെയും അഭാവം രോഗികൾക്ക് ഏറെ ദുരിതമാകുന്ന അവസ്ഥയാണുള്ളത്. ഇതിന് പുറമെയാണ് മരുന്ന് ക്ഷാമവും.സർക്കാർ ആശുപത്രികളിൽ ചുമയ്ക്കുള്ള മരുന്ന് നിർത്തലാക്കി ഇപ്പോൾ പുറത്തുനിന്ന് വാങ്ങാൻ എഴുതി നൽകുകയാണ്. ഇത് സാധാരണക്കാരായ രോഗികൾക്ക് വലിയ സാമ്പത്തിക പ്രയാസവും ഉണ്ടാക്കുന്നുണ്ട്.
Post a Comment