കാലുകുത്താനിടമില്ല; ട്രെയിനുകളിലെ യാത്രാ ദുരിതത്തിന് പരിഹാരവുമില്ല
2025ലെ റെയിൽവേയുടെ ട്രെയിൻ സമയപ്പട്ടിക നിലവിൽ വന്നിട്ടും യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമില്ല. കേരളത്തിലോടുന്ന 30 ട്രെയിനുകളിലെയും യാത്ര കഠിനം തന്നെ.തിങ്ങി നിറഞ്ഞ് ശ്വാസം മുട്ടിയാണ് യാത്ര.ജനറൽ കോച്ചുകളുടെ കാര്യം പറയുകയേ വേണ്ട.
അധിക കോച്ചുകളോ,പുതിയ തീവണ്ടികളോ കേന്ദ്രസർക്കാർ പരിഗണനയിലില്ല.ഇത് യാത്ര ക്ലേശം വർദ്ധിക്കാൻ കാരണമായിടുണ്ട്. നിലവിലോടുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് താല്പര്യം.
ശനിയാഴ്ച എറണാകുളം-ഓഖാ എക്സ്പ്രസിൽ ജനറൽ കമ്പാർട്ട്മെന്റിൽ കയറാനാവാതെ ഒട്ടേറെ യാത്രക്കാർ തിരിച്ചു പോകേണ്ടിവന്നു. തിരക്കുമൂലം സ്ലീപ്പർ കോച്ചിൽ കയറാനും സാധിച്ചില്ല. എറണാകുളത്തുനിന്ന് കാസർഗോഡ് വരെ ഇതേ തിരക്കായിരുന്നുവെന്നും യാത്രക്കാർ പറയുന്നു.
യാത്രാദുരിതം പലപ്പോഴും യാത്രക്കാർ ജനപ്രതിനിധികളെ ധരിപ്പിക്കാറാണ് പതിവ്. ഈ വിഷയം പാർലമെന്റിലടക്കം ജനപ്രതിനിധികൾ ഉയർത്തുന്നുവെങ്കിലും കേന്ദ്ര റെയിൽവേ മന്ത്രാലയം ചെവി കൊള്ളുന്നില്ല.
കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സമയത്ത് കൂടുതൽ ട്രെയിന്‍ അനുവദിക്കണമെന്ന കേരള എംപിമാരുടെ ആവശ്യം പോലും കേൾക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം തയ്യാറായിരുന്നില്ല. ഇതുമൂലം വിവിധ സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് നാട്ടിലെത്താൻ പറ്റാത്ത അവസ്ഥയും ഉണ്ടായി.
അതിനിടെ ഷോർണൂർ-കണ്ണൂർ സ്പെഷൽ മെമു ട്രെയിൻ സർവീസ് മഞ്ചേശ്വരം വരെ നീട്ടണമെന്ന ആവശ്യവും റെയിൽവേ ഇതുവരെ പരിഗണിച്ചിട്ടില്ല.ഈ വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകിയിരുന്നു.
ഇപ്പോഴും പ്രതീക്ഷ കൈവിടാതെ ജനപ്രതിനിധികളും,സന്നദ്ധ സംഘടനകളും നിവേദനങ്ങൾ നൽകിവരുന്നുണ്ട്.രണ്ട് ദിവസം മുമ്പ് കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ ഈ വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് വീണ്ടും നിവേദനം നൽകി.
മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് ടികെ അൻവർ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം ഈമെയിൽ വഴി അയച്ചു കൊടുത്തിട്ടുണ്ട്.
Post a Comment