ദേശീയപാത 66: ആരിക്കാടി ടോൾ ഗേറ്റ്: ക്യാമറകൾ കൺ തുറന്നു - ഉടൻ ടോൾ പിരിവ് ആരംഭിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും മൗനത്തിൽ! *ഒത്തുകളിയോ എന്ന് ജനം?*
ലേഖനം- നിസാർ പെർവാഡ്
വീഴ്ച വരുത്തിയ കരാർ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാതെ പാവപ്പെട്ട യാത്രക്കാറെ പിഴിയുന്നു! അധികാരികൾ ഉത്തരം പറയണം! യാത്രക്കാരെ പിഴിയുന്നതിന് പിന്നിൽ ആര്?
കേരളത്തിലെ NH 66 വികസനത്തിന്റെ ഭാഗമായുള്ള ആദ്യ റീച്ച് ടോൾ ഗേറ്റ് കാസർഗോഡ് കുമ്പളക്കടുത്ത് ആരിക്കാടിയിൽ പൂർത്തിയായി. ക്യാമറകൾ കൺതുറന്നു കഴിഞ്ഞു. ദിവസങ്ങൾക്കകം ഇത് പൂർണ്ണമായി പ്രവർത്തനക്ഷമമായി വാഹനങ്ങളിൽ നിന്ന് ചുങ്കം പിരിവ് ആരംഭിക്കും.
എന്നാൽ ഇതിന് പിന്നിലെ അശാസ്ത്രീയതയും ജനദ്രോഹ നടപടിയും നാം ചർച്ച ചെയ്യണം
*നിയമം തെറ്റിച്ച ടോൾ പിരിവ്?*
സാധാരണഗതിയിൽ ദേശീയപാതയിൽ ഓരോ 60 കിലോമീറ്ററിലും മാത്രമാണ് ടോൾ ഗേറ്റ് സ്ഥാപിക്കേണ്ടത്. പ്രത്യേക സാഹചര്യങ്ങളിൽ (ഉദാ: ഇടയിൽ വരുന്ന സാധാരണമല്ലാത്ത അതിഭീമമായ പ്രത്യേക നിർമ്മാണച്ചെലവ്) മാത്രമേ ഇതിന് ഇളവുള്ളൂ.
* നിലവിൽ തലപ്പാടിയിൽ ഒരു ടോൾ ഗേറ്റ് ഉണ്ട്. 60 കിലോമീറ്റർ ദൂരമനുസരിച്ച് അടുത്ത ടോൾ ബൂത്ത് വരേണ്ടത് കാഞ്ഞങ്ങാടിനടുത്തുള്ള ചാലിങ്കാലിൽ ആണ്.
* പക്ഷേ, അത് നിൽക്കുന്ന ചെങ്കള - നീലേശ്വരം റീച്ചിൽ കരാറെടുത്ത കമ്പനി നിശ്ചിത സമയത്തിനുള്ളിൽ റോഡ് പണി പൂർത്തിയാക്കിയില്ല.അതിനാൽ ചാലിങ്കാലിൽ ടോൾ ബൂത്ത് സ്ഥാപിക്കാൻ കഴിഞ്ഞില്ല.
❓ *കരാറുകാരന്റെ വീഴ്ചയ്ക്ക് യാത്രക്കാരൻ എന്തിന് പിഴയടക്കണം?*
* പണി പൂർത്തിയാക്കാൻ വീഴ്ച വരുത്തിയ കമ്പനിയിൽ നിന്ന് നഷ്ടം ഈടാക്കുന്നതിന് പകരം, തലപ്പാടി - ചെങ്കള റീച്ചിൽ ടോൾ ബൂത്ത് തുറക്കുകയാണ് അധികൃതർ ചെയ്തത്.
* അതും നിലവിലുള്ള തലപ്പാടി ടോൾ ബൂത്തിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെ ആരിക്കാടിയിൽ!
* ഗതാഗത മന്ത്രി പാർലമെന്റിൽ പറഞ്ഞ കാര്യത്തിന് വിരുദ്ധമാണ് ഈ നടപടി. ഒരു കോൺട്രാക്റ്റിംഗ് കമ്പനിയുടെ വീഴ്ചയ്ക്ക് പൊതുജനങ്ങളെ മൊത്തമായി പിഴിയുന്നത് എന്ത് നീതിയാണ്?
*നഷ്ടം കുമ്പളക്കാർക്ക് മാത്രമല്ല, കേരളത്തിന് മുഴുവൻ!*
* 20 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് ഇളവുകൾ ഉണ്ടായേക്കാം. എന്നാൽ അതിനപ്പുറമുള്ള ഉദുമ മുതൽ തിരുവനന്തപുരം വരെ ദേശീയപാത ഉപയോഗിക്കുന്ന മുഴുവൻ കേരളീയരെയും ഇത് ബാധിക്കുന്ന പ്രശ്നമാണ്.
ഇത് കുമ്പളക്കാരുടെ മാത്രം പ്രശ്നമായി കണ്ട് മറ്റു പ്രദേശക്കാർ മാറിനിൽക്കരുത്.
*വന്‍ ഗതാഗതക്കുരുക്ക് ഉറപ്പ്, സർവീസ് റോഡ് എവിടെ?*
തലപ്പാടിയിലെ ആറ് ലൈൻ ടോൾ ബൂത്തിൽ പോലും തിരക്കുണ്ടാകുമ്പോൾ, ആരിക്കാടിയിൽ വെറും മൂന്ന് ലൈനുകൾക്ക് മാത്രമേ സ്ഥലമുള്ളൂ. ഇത് കിലോമീറ്ററുകളോളം വൻ ഗതാഗതക്കുരുക്കിന് കാരണമാകും. തലശ്ശേരി-മാഹി ബൈപ്പാസിലടക്കം ടോൾ ഒഴിവാക്കി സഞ്ചരിക്കാൻ സർവീസ് റോഡുകൾ ഉള്ളപ്പോൾ, ആരിക്കാടി ടോൾ ബൂത്തിന് അടുത്ത് സർവീസ് റോഡ് തന്നെയില്ല! അതായത്, മെയിൻ പാത ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരും നിർബന്ധമായും ടോൾ നൽകണം!
കൂടാതെ , യാതൊരു ശാസ്ത്രീയ പരിശോധനയില്ലാതെ, കുമ്പള പുഴക്കടുത്തുള്ള കണ്ടൽക്കാടുകളാൽ സമൃദ്ധമായ പരിസ്ഥിതി ലോലപ്രദേശത്താണ് ഈ ടോൾ ബൂത്ത് സ്ഥാപിച്ചിരിക്കുന്നത്.
ഒത്തുകളിയോ? ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും മൗനത്തിൽ!
കഴിഞ്ഞ മാസം പ്രദേശവാസികൾ പ്രക്ഷോഭം നടത്തി. MLA വിഷയം നിയമസഭയിൽ ഉന്നയിച്ചു. എന്നാൽ മരാമത്ത് വകുപ്പ് മന്ത്രി നൽകിയത് കൃത്യമല്ലാത്ത മറുപടി. കരാർ കമ്പനിയുടെ വീഴ്ച എന്ന മർമ്മം MLA യും മന്ത്രിയും സ്പർശിച്ചില്ല.
ഇടതു-വലതു മുന്നണികളുടെ ഈ സമീപനം ഒത്തുകളിയാണോ എന്ന് ജനം സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
ഈ വിഷയത്തിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടേയില്ല.
എല്ലാവർക്കും ആവശ്യത്തിന് "സഹായം" നൽകുന്ന contracting കമ്പനിക്ക് ആരെയും വിലക്കെടുക്കാൻ ത്രാണിയുണ്ട്.
.'എന്റെ നെഞ്ചിൽ വെടിയുണ്ട ഏറ്റാലും ഞാൻ സമരത്തിന്റെ മുൻപന്തിയിൽ ഉണ്ടാകും' എന്ന് പറഞ്ഞ MP ഇപ്പോൾ എവിടെയാണാവോ?
നഷ്ടപരിഹാരം കരാർ കമ്പനിയിൽ നിന്ന് ഈടാക്കണം, അല്ലാതെ പാവപ്പെട്ട യാത്രക്കാരനെ പിഴിഞ്ഞെടുക്കരുത്! അധികാരികൾ ഉത്തരം പറയുക!
@നിസാർ പെറുവാഡ്

Post a Comment