JHL

JHL

കുമ്പളയിൽ രാഷ്ട്രീയ സമവാക്യം മാറി മറിയുമോ ; ലീഗ് കോൺഗ്രസ്സ് അനൈക്യവും നിലവിലെ ഭരണ സമിതി അഭിമുഖീകരിക്കുന്ന അഴിമതിക്കഥകളും പുതിയ മുന്നേറ്റത്തിന് സാധ്യത തെളിയുന്നു

കുമ്പള: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്പള ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ഘടകകക്ഷികളായ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള തർക്കം രൂക്ഷമാവുകയാണ്. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ലീഗിനുള്ളിലെ ചേരിപ്പോരും മുന്നണിയുടെ വിജയസാധ്യതകളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കോൺഗ്രസിന് അനുവദിച്ച മുളിയടക്കം വാർഡിൽ ലീഗ് സ്ഥാനാർഥി വന്നതോടെ മണ്ഡലം കോൺഗ്രസ് നേതാവ് ഗണേഷ് ബന്ധാരി വിമത സ്ഥാനാർത്ഥിക്കെതിരെ    രംഗത്തെത്തി. ഇവിടെ ലീഗ് റിബലായി മത്സരിക്കുന്നത് പഞ്ചായത്ത് സ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ്സണാണ്. ഈ മത്സരം ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച കുമ്പള റെയിൽവേ സ്റ്റേഷൻ വാർഡ് ലീഗ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ ഭാര്യ സമീറാ റിയാസ് സ്വതന്ത്രയായി മത്സരിക്കുന്നു. ഇവിടെ സമീറ റിയാസിന് കോൺഗ്രസ് പിന്തുണ നൽകുകയും എൽഡിഎഫ് സ്ഥാനാർത്ഥിയെ പിൻവലിക്കുകയും ചെയ്ത‌ിട്ടുണ്ട്. കോൺഗ്രസുമായുള്ള ഈ അഭിപ്രായഭിന്നതകൾ മൊഗ്രാൽ മേഖലയിലെ അഞ്ച് സീറ്റുകളിലെങ്കിലും ലീഗിന്റെ വിജയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

മൊഗ്രാൽ മേഖലയിലും കൊടിയമ്മ, ആരിക്കാടി വാർഡുകളിലും മുസ്ലിം ലീഗിനുള്ളിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ 'കുമ്പള വികസന മുന്നണി' എന്ന കൂട്ടായ്മ ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നത് വലിയ വെല്ലുവിളിയാണ്. കുട ചിഹ്നത്തിലാണ് ഇവർ മത്സരിക്കുന്നത്; മുൻ ലീഗ് സ്ഥാനാർത്ഥിയായിരുന്ന രിസാന നിയാസ് ഉൾപ്പെടെയുള്ളവർ സ്വതന്ത്രരായി രംഗത്തുണ്ട്. മൂന്നാം വാർഡായ കക്കളം കുന്നിൽ എസ്‌ഡിപി ഐ യും ലീഗും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ്. പല വാർഡുകളിലും സിപിഎം സ്വതന്ത്രരെ പിന്തുണയ്ക്കുന്നതും യുഡിഎഫിന് തലവേദനയായി മാറിയിരിക്കുകയാണ്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി എ.കെ. ആരിഫ്, എം.പി. ഖാലിദ്, വി.പി. അബ്ദു‌ൽ ഖാദർ എന്നിവർ തമ്മിൽ ലീഗിനുള്ളിൽ തന്നെ ചരടുവലികൾ നടക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം മത്സരിക്കുന്ന വി.പി. അബ്ദുൽ ഖാദറിനെതിരെ മുസ്ലിം ലീഗ് ഔദ്യോഗിക വിഭാഗത്തിൽ നിന്നാണ്  റിബലായി മത്സരിക്കുന്നത് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എ.കെ. ആരിഫ്, എം പി ഖാലിദ് എന്നിവർ   മത്സരിക്കുന്ന വാർഡുകളിലും പരസ്പരം പാര പണിയുന്നതിൽ  പ്രവർത്തകർക്ക് നിരാശയുണ്ട്. 

കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിലെ അഴിമതിയും വികസന മുരടിപ്പുമാണ് എതിരാളികൾ പ്രധാന ചർച്ചാവിഷയമാക്കുന്നത്. അഴിമതി ആരോപണങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അന്വേഷണം നടത്തിയിരുന്നെങ്കിലും, നിരവധി നേതാക്കളെ പുറത്താക്കാനുള്ള തീരുമാനം എംഎൽഎ അടക്കമുള്ളവരുടെ ഇടപെടൽ കാരണം ജില്ലാ കമ്മിറ്റിക്ക് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.

 

No comments