കളഞ്ഞുകിട്ടിയ ഒരു പവൻ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി; മാതൃകയായി ബസ് ജീവനക്കാർ
കുമ്പള(www.truenewsmalayalam.com) : ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിദ്യാർത്ഥിനിയുടെ ഒരു പവൻ കൈ ചെയിൻ കണ്ടെത്തി, ഉടമയെ തിരിച്ചേൽപ്പിച്ച് ബസ് ജീവനക്കാർ സത്യസന്ധതയുടെ പുതിയ മാതൃക തീർത്തു. കോട്ടേക്കാറിൽ നിന്ന് കുമ്പളയിലേക്ക് സർവീസ് നടത്തുന്ന 'മഹാലക്ഷ്മി' ബസിലെ ഡ്രൈവർ സോമനാഥ്, കണ്ടക്ടർ ആഷിക്ക് എന്നിവരാണ് കളഞ്ഞുകിട്ടിയ സ്വർണ്ണം പോലീസിന്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറിയത്.
കോട്ടേക്കാറിൽ നിന്നും കുമ്പളയിലേക്ക് വരികയായിരുന്ന മംഗൽപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയുടെ കൈ ചെയിനാണ് ബസിൽ വെച്ച് നഷ്ടപ്പെട്ടത്. മാല ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ജീവനക്കാർ സാമൂഹിക മാധ്യമങ്ങൾ വഴി വിവരം പങ്കുവെക്കുകയും കുമ്പള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഉടമയെ കണ്ടെത്തുകയായിരുന്നു.
സ്വർണ്ണവില റെക്കോർഡുകൾ ഭേദിക്കുമ്പോഴും, കളഞ്ഞുകിട്ടിയ മുതലുകൾ തിരികെ നൽകാൻ കാണിച്ച ഇവരുടെ സത്യസന്ധതയെ കുമ്പള പോലീസും സിഐടിയു യൂണിയൻ ഭാരവാഹികളും നാട്ടുകാരും അഭിനന്ദിച്ചു. ഇരുവരും കുമ്പളയിലെ സിഐടിയു പ്രവർത്തകരാണ്.


Post a Comment