JHL

JHL

എസ് ഐ ആർ പൗരത്വ നിഷേധത്തിനുവേണ്ടിയുള്ള ഗൂഢ നീക്കം. പ്രാദേശിക തലങ്ങളിൽ ജനകീയ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും - റസാഖ് പാലേരി

കാസർകോട് : ഇന്ത്യാരാജ്യത്ത് സംഘ്പരിവാർ ഗവർമെൻ്റ് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പൗരത്വ നിഷേധപദ്ധതി വളഞ്ഞ വഴിയിൽ നടപ്പിലാക്കാനുള്ള നീക്കമാണ് എസ് ഐ ആറിലൂടെ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ്റേതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ എസ് ഐ ആർ നീട്ടിവെക്കണമെന്ന് ഭരണ പ്രതിപക്ഷ പാർട്ടികളും കേരള ഇലക്ഷൻ കമ്മീഷനും ഒരുമിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകരിക്കാത്തത് ഗൂഢ ഉദ്ദേശത്തോടെയാണ് . എസ് ഐ ആർ നീട്ടിവെക്കാൻ മാഹാരാഷ്ട്രക്ക് കിട്ടുന്ന ഇളവ് കേരളത്തിന് കിട്ടാത്തതതിൻ്റെ കാരണം ദുരൂഹമാണ്. ആസാമിൽ എസ് ഐ ആറിന് ശേഷം ഉണ്ടായ പൗരത്വ നിഷേധവും ബീഹാറിൽ 65 ലക്ഷത്തോളം വോട്ടർമാർ ലിസ്റ്റിൽ നിന്നും പുറത്തായതും സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമാണ്. എസ്.ഐആറിൻ്റെ മറവിൽ പൗരത്വ നിഷേധം കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകും. ധൃതി പിടിച്ച് കേരളത്തിൽ എസ്.ഐ. ആർ നടപ്പാക്കുന്നതിൽ കേരളത്തിലുടനീളം പ്രാദേശിക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി യുവജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് റാസിഖ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് ടി.കെ അഷ്‌റഫ്, ജനറൽ സെക്രട്ടറി സി.എ യൂസുഫ് എന്നിവർ സംസാരിച്ചു. അഡ്വ ഖദീജത്ത് ഫൈമ, ഷബ്‌നം ബഷീർ, അബ്ദുൽ ജബ്ബാർ ആലങ്കോൾ , റാഷിദ് മുഹിയുദ്ദീൻ, നുസൈബ പള്ളിക്കര എന്നിവർ നേതൃത്വം നൽകി. ഷാഹ്ബാസ് കോളിയാട്ട് സ്വാഗതവും പ്രസാദ് കുമ്പള നന്ദിയും പറഞ്ഞു.



No comments